കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കണക്ട് ടു പുതു വയനാട് പദ്ധതി പ്രഖ്യാപിച്ച് എല്‍ഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയുടെ സമഗ്ര വികസനത്തിനു വിഭാവനം ചെയ്തതാണ് പദ്ധതിയെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തില്‍ വരുന്ന മുറയ്ക്ക് ജില്ലാ പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
കൃഷി, ക്ഷീര വികസനം, പട്ടികജാതി-വര്‍ഗ ക്ഷേമം, വിദ്യാഭ്യാസം, തൊഴില്‍, ടൂറിസം, ഗതാഗതം, ആരോഗ്യം, തോട്ടം തൊഴിലാളി ക്ഷേമം, യുവജനക്ഷേമം, വന്യമൃഗ പ്രതിരോധം, കലാകായികം, വനിതാക്ഷേമം, കേവല ദാരിദ്ര്യനിര്‍മാര്‍ജനം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥ വ്യതിയാനം പ്രാദേശികമായി നേരിടല്‍, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ പദ്ധതിയുടെ ഭാഗമായിരിക്കും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, പ്രവാസികള്‍ തുടങ്ങിയവയുടെയും എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നിര്‍വഹണത്തിന് ഫണ്ട് കണ്ടെത്തുകയെന്ന് നേതാക്കള്‍ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *