കല്‍പ്പറ്റ: കിസാന്‍ സര്‍വീസ് സൊസൈറ്റി(കെഎസ്എസ്) ദേശീയ കണ്‍വന്‍ഷന്‍ 19 മുതല്‍ 21 വരെ പുല്‍പ്പള്ളി ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഓഡിറ്റോറിയത്തില്‍(ഡോ.എം.എസ്. സ്വാമിനാഥന്‍ നഗര്‍)നടക്കും. ദേശീയതല ‘സ്മാര്‍ട്ട് ഫാര്‍മര്‍’പദ്ധതികള്‍ക്ക് കണ്‍വന്‍ഷനില്‍ തുടക്കമാകുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എം.ആര്‍. സുനില്‍കുമാര്‍, പി.വി. രവി, വി.എസ്. വത്സരാജ്, പി.എം. തോമസ്, ഷിബു ചുള്ളിയാന, പി. പദ്മരാജന്‍, ടി.എം. ഫിലിപ്പോസ്, സയന്റിസ്റ്റ് മണിലാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
270 ലധികം ശാഖകളുള്ള ദേശീയ സന്നദ്ധ സംഘടനയാണ് കിസാന്‍ സര്‍വീസ് സൊസൈറ്റി. ചാപ്റ്റര്‍ പ്രസിഡന്റുമാരും കാര്‍ഷിക വിദഗ്ധരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 300 ഓളം പ്രതിനിധികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പ്രഥമ ദിനത്തില്‍ ചന്ദനക്കൃഷി എന്ന വിഷയത്തില്‍ ക്ലാസ് നടത്തും. കെഎസ്എസും വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രോഡ്യൂസര്‍ കമ്പനിയും പുല്‍പ്പള്ളി സാന്‍ഡല്‍ വുഡ് ഗ്രൂപ്പ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ബംഗളൂരു വുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേതടക്കം വിദഗ്ധര്‍ ക്ലാസ് നയിക്കും.
രണ്ടാംദിവസം അടുത്ത വര്‍ഷത്തേക്കുള്ള ത്രിതല കര്‍മപദ്ധതികളില്‍ ചര്‍ച്ച നടക്കും. ഡിജിറ്റില്‍ ഫാര്‍മര്‍ കാമ്പയിന്‍, ഉത്തരവാദ ഗ്രാമീണ വിനോദസഞ്ചാരം, ഹൈവേ അഗ്രിമാര്‍ട്ട് എന്നിവയാണ് 2026ലേക്ക് വിഭാവനം ചെയ്ത പദ്ധതികള്‍. ഗ്രാമീണ കര്‍ഷകര്‍ക്ക് കൃത്യമായ കാര്‍ഷിക ഉപകരണങ്ങള്‍, കാലാവസ്ഥ പ്രവചന ആപ്പുകള്‍, ഡിജിറ്റല്‍ വിപണന സൗകര്യങ്ങള്‍ എന്നിവ പ്രാപ്തമാക്കുക ഡിജിറ്റില്‍ ഫാര്‍മര്‍ കാമ്പയിന്‍ പദ്ധതി ലക്ഷ്യമാണ്.
പരമ്പരാഗത കൃഷിയിടങ്ങളെ ഇക്കോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനും അതുവഴി വരുമാനം നേടാനും സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ആവിഷ്‌കരിച്ചതാണ് ഉത്തരവാദ ഗ്രാമീണ വിനോദസഞ്ചാര പദ്ധതി. കാര്‍ഷിക ഉത്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വില്‍ക്കുന്നതിന് കെഎസ്എസ് ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ദേശീയപാതകളില്‍ ആരംഭിക്കുകയാണ് ഹൈവേ അഗ്രിമാര്‍ട്ട് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മൂന്നാംദിനം ഉച്ചകഴിഞ്ഞ് ചാപ്റ്റര്‍ പ്രസിഡന്റുമാര്‍ ‘വയനാട് പ്രഖ്യാപന’ത്തില്‍ ഒപ്പുവയ്ക്കുന്നതോടെ കണ്‍വന്‍ഷന്‍ സമാപിക്കും. കെഎസ്എസ് യൂണിറ്റുകള്‍ അതത് ജില്ലകളില്‍ ത്രിതല പദ്ധതികള്‍ നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. ഗാമീണ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിന് ‘കിസാന്‍: ടെക്, ടൂറിസം, ട്രേഡ്’ എന്ന മാര്‍ഗരേഖ കണ്‍വന്‍ഷന്‍ അംഗീകരിക്കും
