തിരുവനന്തപുരം: കുടുംബത്തോടൊപ്പം കടലിൽ കുളിക്കുന്നതിനിടെ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. ഭാര്യയും പത്ത് വയസുള്ള മകനും രക്ഷപ്പെട്ടു. വലിയതുറ വേളാങ്കണ്ണി ജങ്ഷനു സമീപം പുതുവൽ പുരയിടം വലിയവിളാകത്ത് ടിസി 71/527ൽ സി അനീഷ് ജോസ് (38) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ കുടുംബവുമായി ചെറിയതുറയ്ക്കടുത്തുള്ള കലിൽ കുളിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ തിരയിൽപ്പെട്ട് അനീഷിനെ കാണാതായി. ഭാര്യ പ്രിജിനയുടേയും മകൻ അനിലിന്റേയും നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

പിന്നീട് 3.15ഓടെ വലിയതുറ കടൽപ്പാലത്തിനു സമീപം മൃത​ദേഹം കരഭാ​ഗത്തേയ്ക്കു ഒഴുകി വരുന്നത് കണ്ടിരുന്നു. പിന്നാലെ നാട്ടുകാരും അനീഷിന്റെ സു​ഹൃത്തുക്കളും ചേർന്നു മൃതദേഹം കരയ്ക്കടിപ്പിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസ് എത്തിച്ച് മൃത​ദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ടോടെ വലിയതുറ സെന്റ് ആന്റണീസ് പള്ളിയിൽ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *