പാലക്കാട്: മുന്‍ എംഎല്‍എ പി കെ ശശിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ശശിയെ പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അറിയിച്ചു. പാര്‍ട്ടിയുമായി ഇടഞ്ഞു നിന്ന പി കെ ശശി, അടുത്തിടെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. ഒറ്റപ്പാലത്ത് ശശി യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പി കെ ശശി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സുരേഷ് ബാബു നിഷേധിച്ചു. ശശിക്ക് വിഭ്രാന്തിയാണ്. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. എന്തെങ്കിലും തെറ്റായ കാര്യം തന്റെ രാഷ്ട്രീയജീവിതത്തിനിടയില്‍ ഉണ്ടായി എന്ന് തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും. ഞാന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതലുള്ള സമ്പത്ത് അടക്കം എല്ലാം അന്വേഷിക്കുക. ഭാര്യയുടെ വരുമാനത്തില്‍ നിന്നും അധികമായി ഒരു തരിയെങ്കിലും കുടുംബത്തിലോ വ്യക്തി ജീവിതത്തിലോ ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

പി കെ ശശി ഇത്തരമൊരു നടപടിക്ക് തയ്യാറാകുമോയെന്ന് സുരേഷ് ബാബു ചോദിച്ചു. പി കെ ശശി രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ പരിശോധിക്കുക. നടപടിയെടുക്കുക, പിന്നീട് തിരുത്തുക എന്നതാണ് പി കെ ശശിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എസ്എഫ്‌ഐക്കാലം മുതല്‍ ഇങ്ങനെയാണ്. ഇത്തരത്തിലൊരാള്‍ ജില്ലയില്‍ വേറെയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ശശിയുടെ പ്രസ്താവനയെ ഒരുതരത്തിലും മുഖവിലക്കെടുക്കുന്നില്ല. നിസ്സാരമായി അവഗണിച്ചു തള്ളുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

വിമത കണ്‍വെന്‍ഷനില്‍ സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ ശശി രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. പാലക്കാട് ജില്ലയിൽ സിപിഎം നേതാക്കൾ ഭരണത്തിന്റെ മറവിൽ അഴിമതി നടത്തി. ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനാണെന്ന് ശശി ആരോപിച്ചു. ഇ കെ ഇമ്പിച്ചി ബാവ, പിപി കൃഷ്ണന്‍, വി ശിവദാസമേനോന്‍ തുടങ്ങിയ നിരവധി ജനകീയ നേതാക്കന്മാര്‍ ഇരുന്ന കസേരയിലാണ് ഇപ്പോള്‍ ഒരു സ്പിരിറ്റ് കച്ചവടക്കാരന്‍ ഇരിക്കുന്നത്. കേട്ടാല്‍ ഞെട്ടുന്ന ചരിത്രമുള്ളയാളാണ്. സുരേഷ് ബാബുവാണ് സെക്രട്ടറി സ്ഥാനത്തെങ്കിൽ പാർട്ടിയിൽ തുടരാനില്ല. പാർട്ടിയിൽ ഒരിക്കലുമില്ലാത്ത രീതിയിൽ പണപ്പിരിവ് നടക്കുകയാണെന്നും പി കെ ശശി ആരോപിച്ചിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *