കേരള ബാങ്ക് പുല്‍പള്ളി ശാഖയ്ക്കു മുന്നില്‍ കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സമരം കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: നാടിനെ തീറ്റിപ്പോറ്റുന്ന കര്‍ഷകരുടെ കണ്ണീര്‍ കാണാന്‍ കൂട്ടാക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍  റോമാ നഗരം കത്തിയപ്പോള്‍ വീണ മീട്ടിയ നീറോ ചക്രവര്‍ത്തിയെ പോലെയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസ് ആരോപിച്ചു. കടക്കെണിയിലായ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഭൂമി വില്‍പനയ്‌ക്കെന്ന് ബാനര്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി കേരള ബാങ്ക് ശാഖയ്ക്കു മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരെ സഹായിക്കാനും ബാധ്യതയുണ്ടെന്ന ചിന്ത കേന്ദ്ര, സംസ്ഥാന ഭരണചക്രം തിരിക്കുന്നവര്‍ക്കില്ല. ബാങ്കുകളില്‍നിന്നു വായ്പയെടുത്ത് കൃഷിയിറക്കുന്ന കര്‍ഷകനെ വരള്‍ച്ചയും അതിവര്‍ഷവും രോഗ-കീടബാധകളും ഒരുഭാഗത്ത് തളര്‍ത്തുന്നു. മറുഭാഗത്ത് നിത്യേനയെന്നോണം വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നു. മിച്ചം കിട്ടുന്ന വിളകള്‍ക്ക് ന്യായമായ വിലയും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ നിത്യച്ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ ആവശ്യങ്ങള്‍ തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും വായ്പയുടെ പലിശ പോലും സമയത്ത് അടക്കാന്‍ കഴിയുന്നില്ല. പലിശരഹിത കാര്‍ഷിക വായ്പാപദ്ധതി സംസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചില്ല. കടാശ്വാസ കമ്മിഷന്‍ അനുവദിച്ച ഇളവ് തുക ബാങ്കുകള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണ്.

വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം.  കര്‍ഷകര്‍ക്കെതിരായ ജപ്തി, കരസ്ഥപ്പെടുത്തല്‍ നടപടികള്‍ നിര്‍ത്തിവയ്പ്പിക്കണം. കൃഷിക്കാര്‍ക്ക് കടാശ്വാസം ലഭ്യമാക്കണമെന്നും പൗലോസ് ആവശ്യപ്പെട്ടു.   ബ്ലോക്ക് പ്രസിഡന്റ്  വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. എന്‍.യു. ഉലഹന്നാന്‍, പി.ഡി. സജി, ബീന ജോസ്, കെ.പി. മധു, ടി.എസ്. ദിലീപ്കുമാര്‍, ലിസി സാബു, ഗിരിജ കൃഷ്ണല്‍, ജിനി തോമസ്, ശിവരാമന്‍ പാറക്കുഴി, പി.ഡി. ജോണി,കെ.ജി,  ബാബു, എല്‍ദോസ്, സണ്ണി സെബാസ്റ്റ്യന്‍, വി.ഡി. ജോസ്, മാണി കണ്ടത്തിന്‍കര എന്നിവര്‍ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *