കല്‍പ്പറ്റ: ഗ്രാമീണ നാടകവേദിയുടെ പുനരുജ്ജീവനത്തിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട് സാന്ദ്ര സ്‌കൂള്‍ ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ എംജിടി ഹാളില്‍ ‘ഗ്രാമീണ നാടക പ്രസ്ഥാനം-തളര്‍ച്ചയും വളര്‍ച്ചയും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പ്രഫഷണല്‍ നാടകങ്ങളുടെ വരവോടെ അമേച്വര്‍ നാടകങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സ്‌കൂള്‍, ക്ലബ് വാര്‍ഷികാഘോഷങ്ങളിലും പെരുന്നാള്‍, ഉത്സവ പരിപാടികളിലും ഗ്രാമീണ നാടക അവതരണം നടക്കുന്നില്ല. പുതിയ തലമുറയ്ക്ക് ഗ്രാമീണ നാടകങ്ങളെക്കുറിച്ച് അറിവില്ല. അവര്‍ പൊതുവേ ഗ്രാമീണ കൂട്ടായ്മകളില്‍ താത്പര്യപ്പെടുന്നിമില്ല. സാമ്പത്തിക നേട്ടമില്ലാത്തതിനാല്‍ പല നാടകപ്രവര്‍ത്തകരും മറ്റു തൊഴിലുകളില്‍ വ്യാപൃതരാണ്. അമേച്വര്‍ നാടകങ്ങളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു ഗ്രാമീണ മേഖലകളില്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് സാമ്പത്തിക സഹായം നേടുന്നതിന് പരിശ്രമിക്കണമെന്നും സംവാദത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
വാമദേവന്‍ കലാലയ ഉദ്ഘാടനം ചെയ്തു. സാന്ദ്ര സ്‌കൂള്‍ ഓഫ് ഡ്രാമ സ്ഥാപകന്‍ വയനാട് സഖറിയാസ് അധ്യക്ഷത വഹിച്ചു. ബെന്നി തൃശിലേരി, രാജഗോപാല്‍, അശോക് ബത്തേരി, ഉണ്ണി പൊഴുതന, കെ.യു. കുര്യാക്കോസ്, അഗസ്തി, യതി കാവില്‍, തോമസ് കോട്ടത്തറ, ലീലാമ്മ, റാണി, ഉണ്ണിക്കൃഷ്ണന്‍, അപ്പച്ചന്‍, ജോസ് പുന്നക്കുഴി, ചന്ദ്രന്‍, പി.വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിനയകുമാര്‍ അഴിപ്പുറത്ത് മോഡറേറ്ററായി. രാജേന്ദ്രന്‍ സ്വാഗതവും ആണ്ടൂര്‍ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *