തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്’ പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. കെഎസ്ഇബിയുടെ സാങ്കേതികമികവും സർക്കാരിന്റെ ക്രിയാത്മകമായ കർമപദ്ധതിയുമാണ് നേട്ടത്തിനുപിന്നിൽ.പ്രധാന പാതകൾക്കുപുറമെ ഗ്രാമീണമേഖലകളിലേക്കും ചാർജിങ് സൗകര്യം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതിയുടെ നിർവഹണച്ചുമതല കെഎസ്ഇബിക്കാണ്. എല്ലാ സ്‌റ്റേഷനുകളിലും ഡിജിറ്റൽ പേമെന്റ് സൗകര്യവുമുണ്ടാകും. പുതിയ സ്‌റ്റേഷനുകളുടെ സ്ഥാനം, നിരക്ക്, സ്ലോട്ട് ലഭ്യത തുടങ്ങിയ വിവരങ്ങൾ തത്സമയം ലഭ്യമാകുന്ന ഓൺലൈൻ സംവിധാനവും ഉണ്ടാകും. സബ്സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ കെഎസ്ഇബിക്ക് മുൻകൂറായി ലഭിക്കും.ബാക്കി 30 ശതമാനം സ്‌റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തിയശേഷമാകും അനുവദിക്കുക. പദ്ധതിക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ അനുമതി നേടിയെടുക്കാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾമൂലമാണ്. കാർബൺ വികിരണം കുറച്ച് ‘ഗ്രീൻ കേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്‌പാണിത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *