ചീരാല്‍: വെള്ളച്ചാല്‍ ബ്രദേഴ്‌സ് പാലിയേറ്റീവ് യൂണിറ്റ് വക നടപ്പാത, ബത്തേരി റോട്ടറി ക്ലബ് വക ഇലക്ട്രിക് വീല്‍ ചെയര്‍. മരത്തില്‍നിന്നു വീണ് കിടപ്പിലായ അനില്‍കുമാറിന് ഇനി വീടിനുപുറത്ത് സഞ്ചരിക്കാം.
ആറ് വര്‍ഷം മുമ്പാണ് അനില്‍കുമാര്‍ അപകടത്തില്‍പ്പെട്ടത്. വീഴ്ചയില്‍ ഈ യുവാവിന്റെ നട്ടെല്ലിന് ഗുരതര ക്ഷതമേറ്റു. സാധ്യമായ ചികിത്സ നേടിയെങ്കിലും കാലുകളുടെ ചലനശേഷി വീണ്ടെടുക്കാനായില്ല. വീടിന് പുറത്തിറങ്ങി ആളുകളുമായി മിണ്ടാനും പറയാനും കഴിയാത്തതിലുള്ള വ്യഥ ഉള്ളിലൊതുക്കി അനില്‍കുമാര്‍ നാളുകള്‍ തള്ളിനീക്കുന്നതിനിടയായിരുന്നു റോട്ടറി ക്ലബിന്റെയും വെള്ളച്ചാല്‍ പാലിയേറ്റീവ് യൂണിറ്റിന്റെയും സഹായം. യുവാവിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട റോട്ടറി ക്ലബ് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അനില്‍കുമാറിന്റെ വീടിനും സമീപത്തെ റോഡിനും ഇടയില്‍ 500 മീറ്ററില്‍ വീല്‍ചെയര്‍ ഉപയോഗത്തിന് ഉതകുന്ന വഴി ഉണ്ടായിരുന്നില്ല. വെള്ളച്ചാല്‍ പാലിയേറ്റീവ് യൂണിറ്റ് അംഗങ്ങള്‍ ഇത്രയും ദൂരം നടപ്പാത നിര്‍മിച്ച് പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ ദിവസം ക്ലബ് പ്രസിഡന്റ് സി.വി. മത്തായി, മിഥുന്‍ നീലകണ്ഠന്‍, വി. സുരേഷ്, സണ്ണി വിളക്കുന്നേല്‍, കെ.ടി. മനോജ്, മനു കെ. ജോസ്, കേണല്‍ എസ്.കെ. തമ്പി, ഡോ.രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം വി.വി. ബേബി, വാര്‍ഡ് അംഗം പ്രീതി സുരേഷ്, കുട്ടി മാടക്കര, വെള്ളച്ചാല്‍ ബ്രദേഴ്‌സ് പാലിയേറ്റിവ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു വീല്‍ചെയര്‍ കൈമാറ്റം. നടപ്പാതയുടെ ഉദ്ഘാടനവും ഇതോടൊന്നിച്ച് നടത്തി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *