ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഭരണപക്ഷത്തിനേറ്റ തിരിച്ചടിയെ ജനാധിപത്യത്തിന്റെ വിജയമെന്ന് വിശേഷിപ്പിച്ച് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എന്‍ഡിഎ ആദ്യമായി പരാജയം നേരിട്ടുവെന്നും അവര്‍ ഞെട്ടിപ്പോയെന്നും ഇത് പ്രതിപക്ഷ ഐക്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ വിജയമെന്നും ഭരണഘടനയുടെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണിത്. അധികാരത്തില്‍ തുടരാനുള്ള ഭരണപക്ഷത്തിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയാണിതെന്നും പ്രിയങ്ക പറഞ്ഞു.

‘മണ്ഡല പുനര്‍നിര്‍ണയം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഈ ബില്‍ അവതരിപ്പിച്ചത്. ഇതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ദുര്‍ബലപ്പെടുത്താനാണ് നീക്കമെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണ്. പ്രതിപക്ഷത്തിന്റെ ഐക്യമാണ് ഇത് കാണിക്കുന്നത്. ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ സുപ്രധാന വിജയമാണെന്ന് ഞാന്‍ ആദ്യമേ പറയാന്‍ ആഗ്രഹിക്കുന്നു. ഫെഡറല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനും ജനാധിപത്യത്തെ തകര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെടുകയും തടയപ്പെടുകയും ചെയ്തു. ഇത് ഭരണഘടനയുടെയും രാജ്യത്തിന്റെയും പ്രതിപക്ഷ ഐക്യത്തിന്റെയും വിജയമാണ്. ഭരണപക്ഷത്തെ നേതാക്കളുടെ മുഖത്ത് ആ പരാജയം പ്രകടമായിരുന്നു’ പ്രിയങ്ക ഗാന്ധി പറഞ്ഞു.

അംഗസംഖ്യ കൂട്ടി ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കത്തെ പ്രതിപക്ഷം തടഞ്ഞു. വനിതകളെ മറയാക്കി ഭരണത്തില്‍ പിടിച്ചുനില്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത് വനിതകളുടെ രക്ഷക പരിവേഷത്തിനായാണ്. വോട്ടെടുപ്പ് പരാജയപ്പെട്ട ദിനത്തെ ബിജെപി വിശേഷിപ്പിച്ചത് കരിദിനമെന്നാണ്. അജണ്ട പരാജയപ്പെട്ടതുകൊണ്ടാണ് ബിജെപിക്ക് കരിദിനമായതെന്നും പ്രിയങ്കാ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മുഖത്ത് പരാജയത്തിന്റെ ആഘാതം കാണാമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒരുപാട് മാറി. ഇനി പിആര്‍ വര്‍ക്ക് ഇന്ത്യയില്‍ നടക്കില്ല. 2023ല്‍ പാസാക്കിയ വനിതാ സംവരണം നിലവിലെ സീറ്റ് ഘടനയില്‍ മാറ്റം വരുത്താതെ നടപ്പിലാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. .പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല. എപ്പോഴും അധികാരത്തില്‍ ഇരിക്കാനാണ് ബിജെപി ശ്രമം. അതിന് വേണ്ടി വനിതാ സംവരണം ഉപയോഗിക്കാന്‍ ശ്രമിച്ചു. ബില്‍ വിവരങ്ങള്‍ നല്‍കിയത് ഒരു ദിവസം മുന്‍പ് മാത്രമാണ്. വനിതകളുടെ പേരില്‍ രാഷ്ട്രീയ കളിക്കുള്ള ശ്രമം ആണ് നടന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇതൊക്കെ കാണുന്നുണ്ട്. ബില്ല് വനിതാ സംവരണത്തിന് വേണ്ടിയല്ല. മണ്ഡല പുനര്‍ നിര്‍ണയത്തിന് വേണ്ടിയാണു കൊണ്ടുവന്നത്. കറുത്ത ദിനം സര്‍ക്കാരിനാണ്. എല്ലാം വനിതകള്‍ കാണുന്നുണ്ട് പ്രിയങ്കാ ഗാന്ധി പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *