പുൽപള്ളി ∙ വയനാട് ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ പെയ്തെങ്കിലും ഈ സീസണിൽ ചാറൽമഴ പൊലും കിട്ടാതെ അതിർത്തിയിലെ ഗ്രാമങ്ങൾ. കബനിയോടു ചേർന്നുള്ള മരക്കടവ്, കൃഗന്നൂർ, കൊളവള്ളി ഗ്രാമങ്ങളാണ് കത്തുന്ന വേനലിൽ എരിപൊരി കൊള്ളുന്നത്. കർണാടകാതിർത്തിയിലെ കാർഷിക ഗ്രാമങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുന്നു. പാടങ്ങൾ വിണ്ടുകീറി. മണ്ണു നനയാത്തതിനാൽ കൃഷിയൊന്നും ആരംഭിക്കാനായില്ല. നാണ്യവിളകളും തന്നാണ്ടുവിളകളും വാടിയുണങ്ങി. പകൽ സമയം വീടിനു പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. കർണാടക വനമേഖലയോടു ചേർന്നുള്ള ഗ്രാമങ്ങളെയാണ് വേനൽമഴയും കൈവിട്ടത്. മൺസൂൺ സമയത്തും ഈ പ്രദേശത്ത് മഴ കുറവാണ്. ജില്ലയിൽ ഏറ്റവും കുറഞ്ഞ അളവിൽ മഴ പെയ്യുന്ന പ്രദേശമാണിത്. കിഴങ്ങ് വിളകൾ സമൃദ്ധമായി വിളയുന്ന പ്രദേശമാണിത്. കളിമണ്ണുനിറഞ്ഞ കറുത്ത മണ്ണിൽ ഇത്തരം വിളകൾ നന്നായി വിളയും. നടീലിനായി ഒരുക്കിയ പാടങ്ങളിൽ എരിതീ പടരുന്നു. കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചിവിത്തുകളും ‌ജലാംശം നഷ്ടപ്പെട്ട് നശിക്കുന്നു.

കബനി വറ്റിയതോടെ പമ്പിങ് മുടങ്ങി. അൻപത് വയലിൽ പുഞ്ചകൃഷി കരിഞ്ഞുണങ്ങി.കൊളവള്ളി, മരക്കടവ് പാടങ്ങളിൽ നിരവധിയേക്കർ വിണ്ടുകീറി കിടക്കുന്നു. കൃഗന്നൂർ ജലസേചന പദ്ധതിയും പാഴായി കിടക്കുന്നു. ഇവിടെ 100 ഏക്കറോളം ഇരുപ്പൂകൃഷി നടത്തേണ്ട പാടമാണ് തരിശായി കിടക്കുന്നത്. 20 വർഷം മുൻപ് നിർമിച്ച പദ്ധതിയുടെ കനാലുകൾ പൊട്ടിതകർന്നു. മോട്ടറുകളും തകരാറിലായി. ഇതിനു പകരമായി പുതിയ പദ്ധതി നിർമിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇവിടെ കരകൃഷികളും കരിയുന്നു. പാടത്ത് വെള്ളമില്ലാത്തതിനാൽ കിണറുകളും വറ്റി. സമീപ സ്ഥലങ്ങളിൽ പലവട്ടം മഴപെയ്ത് മണ്ണുനനയുകയും കർഷകർ പാടങ്ങളിൽ സജീവമായിട്ടും ഇവിടെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ മഴയൊന്നും പെയ്യാത്തതിന്റെ നിരാശയിലാണ് കർഷകർ. ഇടിയുടെയും കാറ്റിന്റെയും അകമ്പടിയോടെയെത്തുന്ന മഴയാകട്ടെ പെയ്യുന്നത് മറ്റിടങ്ങളിലും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *