കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വരാനിരിക്കേ വയനാട്ടില്‍ ഭൂസമര രംഗത്തുള്ള ആദിവാസി കുടുംബങ്ങള്‍ വലിയ പ്രതീക്ഷയില്‍. ഭൂസമരത്തിന്റെ ഭാഗമായി പതിറ്റാണ്ടിനുമുമ്പ് ‘അവകാശം സ്ഥാപിച്ച’ ഭൂമി പതിച്ചുനല്‍കുന്നതിന് അടുത്ത സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബങ്ങള്‍. റിസര്‍വ് വനത്തിലുള്ളത് ഒഴികെ സമരഭൂമികള്‍ അളന്നുതിരിച്ച് പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് വരുന്ന സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്താനുള്ള തീരുമാനത്തിലാണ് ആദിവാസി ഗോത്ര മഹാസഭയിലെ എം. ഗീതാനന്ദന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററായ വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗോത്രമഹാസഭ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റും സമര്‍പ്പിച്ച അവകാശ പത്രികയില്‍ ഭൂസമരം ഒത്തുതീര്‍ക്കണമെന്ന ആവശ്യവും ഉണ്ട്. തെരഞ്ഞെടുപ്പില്‍ മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ യൂഡിഎഫിനായിരുന്നു ഗോത്രമഹാസഭയുടെ പിന്തുണ.
വാസത്തിനും കൃഷിക്കുമുള്ള ഭൂമിക്കായി ആദിവാസി കുടുംബങ്ങള്‍ 2012 മെയ്, ജൂണ്‍ മാസങ്ങളില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ വനഭൂമിയില്‍ ആരംഭിച്ച സമരമാണ് ഇപ്പോഴും തുടരുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയടക്കം പട്ടികവര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ തുടങ്ങിയതാണ് സമരം.
സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല്‍ ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി 500ല്‍പരം ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ ‘കൈവശത്തില്‍’. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലാണ് സമരഭൂമികള്‍. 330ല്‍പരം ഹെക്ടര്‍ വനഭൂമിയാണ് ആദിവാസി കുടുംബങ്ങള്‍ കൈയേറിയത്. സമരമുഖത്തുള്ളതില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ കുടുംബങ്ങളാണ് അധികവും. കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്തു. റിമാന്‍ഡിലായ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്ക് ഉന്നതികളിലേക്ക് മടങ്ങാതെ സമരം തുടുരുകയാണ് ചെയ്തത്. ആദിവാസികള്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സമരകേന്ദ്രങ്ങളില്‍ പിന്നീട് കുടിയിറക്ക് ശ്രമം ഉണ്ടായില്ല.
ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതും
സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയിലുള്ളതുമാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളില്‍ പലതും.
സമരത്തിന്റെ ഭാഗമായി റിസര്‍വ് വനത്തില്‍ ഒഴികെ ആദിവാസി കുടുംബങ്ങള്‍ കൈവശം വയ്ക്കുന്ന ഭൂമി പതിച്ചുകൊടുക്കുന്നതിന് നിയമ, സാങ്കേതിക തടസം ഇല്ലെന്ന് എം. ഗീതാനന്ദന്‍ പറഞ്ഞു. റിസര്‍വ് വനം കൈയറിയ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രേഖ നല്‍കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം വനവത്കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കിയാല്‍ മാത്രമാണ് റിസര്‍വ് വനം ആദിവാസികള്‍ക്ക് നല്‍കുന്നതിന് ഉപയോഗപ്പെടുത്താന്‍ കേന്ദ്ര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ സാധ്യത.
ഗോത്രമഹാസഭ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ നടത്തിയ ഭൂസമരത്തിന് പിന്നാലെ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വനം കൈയേറ്റം നടന്നിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വനവകാശ നിയമം അനുസരിച്ച് ഭൂമിയുടെ രേഖ ലഭിച്ചു. ഇത് 2012ല്‍ ആരംഭിച്ച ഭൂസമരത്തില്‍ പങ്കെടുക്കുന്നതിന് ആദിവാസി കുടുംബങ്ങള്‍ക്ക് പ്രചോദനമായി. ആദിവാസി ക്ഷേമ സമിതിക്കു പുറമേ ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നിവയും വനഭൂമി കൈയേറ്റത്തിനു നേതൃത്വം നല്‍കിയിരുന്നു. കേരള വനം വികസന കോര്‍പറേഷന്റെ കൈവശത്തിലായിരുന്ന മരിയനാട് കാപ്പിത്തോട്ടവും ജില്ലയിലെ ഭൂസമര കേന്ദ്രമാണ്. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് മരിയനാട്. മുത്തങ്ങ ഭൂസമരത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കര്‍ വനഭൂമിയില്‍ ഉള്‍പ്പെട്ടതാണ് മരിയനാട് തോട്ടം. ‘ആദിവാസി പുനരധിവാസത്തിന് മാറ്റിവച്ച ഭൂമി’ എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മരിയനാട് സമരകേന്ദ്രത്തിലെ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുകൊടുക്കുന്നതിന് നടപടികള്‍ പുരോഗതിയിലാണ്.
