ബാലകൃഷ്ണന്‍, സിദ്ദിഖ്
കല്‍പ്പറ്റ: കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയെ വി.ഡി. സതീശന്‍ നയിക്കുമെന്ന് വ്യക്തമായതോടെ വയനാട്ടിലെ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആശ്വാസവും ആകാംക്ഷയും. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യാനുള്ള സാധ്യത നീങ്ങിയത് നിയുക്ത എംഎല്‍എ ടി. സിദ്ദിഖിന് ആശ്വാസമായി. 45,000ല്‍പരം വോട്ട് ഭൂരിപക്ഷത്തില്‍ ടി. സിദ്ദിഖ് വിജയിച്ചതാണ് മണ്ഡലം. അടുത്ത അഞ്ചുവര്‍ഷം സിദ്ദിഖിന്റെ കര്‍മഭൂമിയായി കല്‍പ്പറ്റ തുടരും. തുടര്‍ച്ചയായി രണ്ടാംതവണയാണ് സിദ്ദിഖ് കല്‍പ്പറ്റയില്‍ വിജയിച്ചത്. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ഉപതെരഞ്ഞടുപ്പില്‍ മത്സരത്തിന് ഇരിക്കൂര്‍, കല്‍പ്പറ്റ, ആലപ്പുഴ മണ്ഡലങ്ങളിലൊന്നില്‍ ഇറങ്ങുമെന്നായിരുന്നു അഭ്യൂഹം.
മന്ത്രിസഭയില്‍ ഇടം കിട്ടുമോ എന്ന ആകാംക്ഷ സിദ്ദിഖിനും ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണനുമുണ്ട്. മന്ത്രിയാകുന്നതിന് ഇരുവര്‍ക്കും അര്‍ഹതയും യോഗ്യതയും ഉണ്ടെങ്കിലും അതിനുള്ള സാധ്യത കാണുന്നവര്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ കുറവാണ്.
പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് വെവ്വേറെ മന്ത്രിമാര്‍ ഉണ്ടായാലാണ് ഐ.സി. ബാലകൃഷ്ണന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്നതിന് നേരിയ സാധ്യത. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് പ്രത്യേകം മന്ത്രിമാര്‍ ഉണ്ടായിരുന്നു. മാനന്തവാടി മണ്ഡലത്തില്‍നിന്നുള്ള പി.കെ. ജയലക്ഷ്മിയാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായത്. യുഡിഎഫ് എംഎല്‍എമാരിലെ ഏക വനിത എന്നതാണ് മന്ത്രിസഭയില്‍ ജയലക്ഷ്്മിക്ക് പരിഗണന ലഭിക്കാന്‍ സഹായകമായത്. എന്നാല്‍ അതുപോലുള്ള സാഹചര്യമല്ല ഇപ്പോള്‍. പട്ടികജാതി, വര്‍ഗ വകുപ്പുകള്‍ക്ക് പ്രത്യേകം മന്ത്രിമാര്‍ വേണമെന്ന് ആദിവാസി ഗോത്രമഹാസഭയിലെ എം. ഗീതാനന്ദന്‍ നയിക്കുന്ന വിഭാഗം തെഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ അവകാശപത്രികയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പരിഗണന ലഭിക്കാനിടയില്ല. ബാലകൃഷ്ണുവേണ്ടി അതിശക്തമായി വാദിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ ഇല്ലാത്ത സ്ഥിതിയുമുണ്ട്. വയനാട്ടില്‍ പാര്‍ട്ടിയിലെ രമേശ് ചെന്നിത്തല ഗ്രൂപ്പിലെ പ്രധാനിയായാണ് ബാലകൃഷ്ണന്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്നതില്‍ നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടാനെത്തിയ കേന്ദ്ര നിരീക്ഷകര്‍ക്ക് മുമ്പില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം നല്‍കുന്ന നിലപാടാണ് ബാലകൃഷ്ണന്‍ സ്വീകരിച്ചത്. ഇതോടെ അദ്ദേഹം ചെന്നിത്തല ഗ്രൂപ്പിന്റെ കണ്ണിലെ കരടായി. സതീശന്‍ നയിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് ചെന്നിത്തലയെന്നും സൂചനയുണ്ട്.
കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റാണ് ടി. സിദ്ദിഖ്. സ്വന്തം സമുദായത്തില്‍പ്പെട്ട സീനിയേഴ്‌സ് നിയുക്ത എംഎല്‍എമാരുടെ പട്ടികയില്‍ ഉള്ളതാണ് മന്ത്രിക്കസേരയിലേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്റെ മുന്നിലെ പ്രധാന വിഘ്‌നം. അതേസമയം കെ.സി. വേണുഗോപാല്‍ ശക്തമായി ഇടപെട്ട് സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പാക്കുമെന്ന് കരുതുന്നവര്‍ ജില്ലയിലെ കോണ്‍ഗ്രസ് നിരയിലുണ്ട്. മന്ത്രിസഭയില്‍ ജില്ലയ്ക്ക് പ്രാതിനിധ്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും.
മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍നിന്നുള്ള ഉഷ വിജയനാണ് ജില്ലയിലെ നിയുക്ത എംഎല്‍എമാരില്‍ മറ്റൊരാള്‍. ആദ്യമായാണ് ഇവര്‍ നിയമസഭയിലേക്ക് മത്സരിച്ചത്.
