പുൽപള്ളി : പുൽപ്പള്ളി – താഴെയങ്ങാടി മാർക്കറ്റിന്റെ സമീപവും, പുൽപ്പള്ളി പെരിക്കല്ലൂർ റോഡിൽ തേക്ക് മുറിച്ച് ഭാഗവും അത്യാവശ്യമായി കുഴികൾ മിറ്റൽ ഇട്ട് മൂടി ഗതാഗതയോഗ്യമാക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു.
6 മാസം മുൻപാരംഭിച്ച പെരിക്കല്ലൂർ- പുൽപ്പള്ളി- ബത്തേരി റോഡ് നിർമാണം വീണ്ടും നിലച്ചിട്ട് മാസങ്ങളായി. നവംബറിൽ പണികൾ ആരംഭിച്ച് ഡിസംബറിൽ പുൽപ്പള്ളി വരെയുള്ള ഭാഗം പണിപൂർത്തീകരിച്ചുവെങ്കിലും പിന്നീട് ചീയമ്പം വരെ ഭാഗികമായി ടാർ ചെയ്തിട്ടുണ്ട്. പെരിക്കല്ലൂരിൽ നിന്നാരംഭിച്ച പണി ചീയമ്പത്ത് നിലച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. കരാറുകാരന്റെ അമാന്തം മാത്രമാണ് പണികൾ ഇങ്ങനെ താമസിക്കുവാൻ ഇടയായത്. 19 കോടി രൂപ ചെലവിലാണ് 35 കിലോമീറ്റർ നിർമാണം കോഴിക്കോട്ടുകാരായ സ്വകാര്യ കമ്പനി കരാറെടുത്തത്.
റോഡുനിർമാണത്തിന്റെ ആരംഭം മുതൽ പരാതികളും ആക്ഷേപങ്ങളും ഉടലെടുത്തിരുന്നു.
താഴെയങ്ങാടിയിൽ കലുങ്ക് പണിതതിന്റെ ഇരുവശവും മെറ്റൽ ഇട്ട് നല്ല രീതിയിൽ ഉയർത്തി ഗതാഗതയോഗ്യമാക്കേണ്ടത് അത്യാവശ്യമാണ്. പഴയ ഗവൺമെൻറ് ഹോസ്പിറ്റലിന് സമീപമുള്ള റോഡിൽ വലിയ തേക്കുമരം മുറിച്ച ഭാഗത്തുമുൾപ്പെടെ പലയിടത്തും ഭാഗികമായ നിർമാണം പൂർത്തീകരിക്കാനുമുണ്ട്. മഴയ്ക്ക് മുമ്പ് ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കണമെന്നും പ്രവർത്തി താമസിച്ചാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും പെരിക്കല്ലൂർ പൗരസമിതി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇനിയും നിർമാണം വൈകിയാൽ ഈ വർഷം നടക്കില്ലെന്നും ബാക്കി റോഡുകൂടി തകരുമെന്നും പെരിക്കല്ലൂർ പൗരസമിതി ഭാരവാഹികളായ ഗിരീഷ് കുമാർ ജിജി (പ്രസിഡണ്ട്), ജോഷി ജോൺ (സെക്രട്ടറി), ഡാമിൻ ജോസഫ് (ട്രഷറർ) എന്നിവർ ആവശ്യപ്പെട്ടു.
