കല്‍പ്പറ്റ: സമീപ സ്ഥലം ഉടമകള്‍ ഭൂമി കൈയേറുകയും സൈ്വരജീവിതത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നതായി കുഞ്ഞോം ഉതിരച്ചിറ പുത്തംവീട് സിസിലി നെല്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തൊണ്ടര്‍നാട് വില്ലേജില്‍ റീസര്‍വേ 166ല്‍ ഉള്‍പ്പെടുന്ന 7.14 ഏക്കര്‍ സ്ഥലം കൈവശം വയ്ക്കുന്നവരാണ് തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നികുതി അടച്ചുവരുന്ന 20 സെന്റ് അടക്കം ഒരു ഏക്കര്‍ ഭൂമി ഉതിരച്ചിറയില്‍ തന്റെ കൈവശത്തിലുണ്ട്. ഭര്‍ത്താവ് റിട്ട.പ്രധാനാധ്യാപകന്‍ നെല്‍സന്റെ മരണശേഷം
തന്റെ കൈവശത്തിലെത്തിയതാണ് ഈ ഭൂമി. കെല്ലൂര്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന രണ്ട് വ്യക്തികളാണ് തന്റെ ഭൂമിയോടുചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമകള്‍. വെള്ളമുണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ 1967/10, 1968/10, 939/14 ആധാരങ്ങള്‍ പ്രകാരമാണ് ഇവര്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങിയത്. ഇവരുടെ ഉപദ്രവം എട്ടുവര്‍ഷമായി സഹിക്കുകയാണ്. ഭൂമി കൈയേറ്റത്തിന് പുറമേ വഴിയില്‍ കുപ്പിച്ചില്ലുകള്‍ എറിഞ്ഞും മുള്ളുകള്‍ വിതറിയും മാലിന്യം തള്ളിയും പ്രയാസം സൃഷ്ടിക്കുകയാണ്.
നിരന്തര ഉപദ്രവത്തിനെതിരേ റവന്യു, പോലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഫലം ഉണ്ടാകുന്നില്ല. സമീപ സ്ഥലം ഉടമകളുടെ ഭൂമി തന്റെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ അളന്നുതിരിച്ച് അതിരുകള്‍ സ്ഥാപിക്കുന്നതിന് അധികാരികള്‍ നടപടി സ്വീകരിക്കണം. ഇതിന് കഴിയില്ലെങ്കില്‍ കാരണം രേഖാമൂലം അറിയിക്കണം. ഉതിരച്ചിറയിലെ ഭൂമിയുടെ അടിയാധാരത്തില്‍ അതിരുകളായി പറയുന്ന വനം ഇപ്പോഴില്ലെന്നും സിസിലി പറഞ്ഞു. മകന്‍ ഷിജിന്‍കുമാര്‍ ഒപ്പമുണ്ടായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *