കല്‍പ്പറ്റ:ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠന പിന്തുണ നല്‍കുന്നതിനുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മെന്റര്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
വയനാട്ടിലെ 241 പേര്‍ അടക്കം മുന്നൂറോളം അധ്യാപകരെയാണ് പിരിച്ചുവിട്ടത്. പിണറായി സര്‍ക്കാര്‍ മെന്റര്‍ അധ്യാപകരെ നിയമിച്ചതിലൂടെ
ആദിവാസി വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാഷയില്‍ പഠിക്കാന്‍ സാധിച്ചു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാനായി. ടിടിസിയും ബി എഡും കഴിഞ്ഞ പട്ടികവര്‍ഗക്കാര്‍ക്ക് ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുകയും പട്ടികവര്‍ഗ വിഭാഗത്തെ സാമ്പത്തികമായും സാമൂഹ്യമായും ഉയര്‍ത്തുകയും ചെയ്തു. ഇവരെ പിരിച്ചുവിട്ട് ഏതു തരത്തിലുള്ള പുതുയുഗമാണ് യുഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തെ തകര്‍ക്കുന്നതാണ് നടപടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ തകര്‍ക്കുന്ന യുഡിഎഫ് നയം തിരുത്തണം. പിരിച്ചുവിട്ട മുഴുവന്‍ അധ്യാപകരെയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും പട്ടികവര്‍ഗ മേഖലയുടെ വിദ്യാഭ്യാസ സംരക്ഷണം ഉറപ്പാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ദിനേശന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി കെ ശശീന്ദ്രന്‍, എം ഡി സെബാസ്റ്റ്യന്‍, ബീനാ രതീഷ് എന്നിവര്‍ സംസാരിച്ചു. വി വി രാജന്‍ സ്വാഗതവും വി ബാവ നന്ദിയും പറഞ്ഞു.
