കല്‍പ്പറ്റ: കേരളത്തിലെ ചെറുകിട വെല്‍ഡിംഗ് സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപെട്ടുകൊണ്ടും അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നന്നതിനുമായി സംസ്ഥാനത്തെ മുഴുവന്‍ കളക്‌ട്രേറ്റ്കള്‍ക്കു മുന്‍പിലും ധര്‍ണ സമരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ കളക്ട്രേറ്റ് പടിക്കലും കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ഞ്ചിനീയറിഗ് യൂണിറ്റ് അസോസിയേഷന്‍ ധര്‍ണ്ണാ സമരം നടത്തി. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ഞ്ചിനീയറിഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.എം അബ്രഹാം സമരം ഉദ്ഘാടനം ചെയ്തു. കെ.ഐ.എഫ്.ഇ.യുഎ ജില്ലാ പ്രസിഡന്റ് ഗിരീഷ് പി.സി അദ്ധ്യക്ഷനായിരുന്നു.

ജില്ല സെക്രട്ടറി മുഹമ്മദ് ആഷിഖ്, ജോണ്‍സന്‍ കാവുംമന്ദം, കെഎസ്എസ്‌ഐഎ ജില്ലാ സെക്രട്ടറി മാത്യൂസ്, കെ.ഐ.എഫ്.ഇ.യുഎ സംസ്ഥാന കമ്മിറ്റി അംഗം മനോജ് ജെ.എം.ജെ, ജി.ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

അസംസ്‌കൃത വസ്തുവായ ഉരുക്ക് ഉല്‍പന്നങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, സിഡ്‌കോ വഴി ന്യായ വിലയില്‍ ലഭ്യമാക്കുക, വൈദ്യുതി വില വര്‍ദ്ധനവില്‍ നിന്നും വെല്‍ഡിങ്ങ് സ്ഥാപനങ്ങളെ ഒഴിവാക്കുക, വെല്‍ഡിങ്ങ് സ്ഥാപന ഉടമകള്‍ക്കും തൊഴിലാളിക്കും ഇന്‍ഷൂറന്‍സും ക്ഷേമനിധിയും ഉറപ്പ് വരുത്തുക, ഗവണ്‍മെന്റ് തലത്തിലെ വെല്‍ഡിങ്ങ് ജോലികള്‍ ലൈസന്‍സുള്ള വെല്‍ഡിങ്ങ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക, ആധുനിക യന്ത്ര സാമഗ്രികളില്‍ പരിശീലനം നല്‍കുകയും അവ വാങ്ങുന്നതിന്നായി സബ്‌സിഡിയും ഉറപ്പ് വരുത്തുക, വെല്‍ഡിങ്ങ് വര്‍ക്കിനാവശ്യമായ ഇലക്ട്രിസിറ്റി പെര്‍മിഷന്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രം നല്‍കുക എന്നീ ആവശ്യങ്ങളാണ് ധര്‍ണ്ണ സമരത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനായി ജില്ലാ കലക്ടര്‍ക്ക് നിവേദനവും നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *