തൃപ്രയാറിൽ രൂപയ്ക്കു പകരം ഡോളർ മാറ്റിത്തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വിളിച്ചുവരുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ കവർച്ചക്കാരുടെ ഇന്നോവ കാർ കണ്ടെത്തി അന്വേഷണസംഘം. വലപ്പാട് പൂക്കോട്ട് ശിവക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇന്നോവ കാർ കണ്ടെത്തിയത്.കവർച്ചക്ക് ശേഷം പ്രതികൾ കാർ വേഗത്തിൽ ഓടിച്ചു പോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് പട്ടാമ്പി വിളയൂരിലെ കോൺഗ്രസ് പഞ്ചായത്തംഗം മുഹമ്മദ് റാഫി ഉൾപ്പെടുന്ന നാലംഗ സംഘം തൃപ്രയാറിൽ എത്തിയത്. തൃപ്രയാർ കിഴക്കേനട ആമലത്തു കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ഇവർക്ക് നേരെ ആക്രമണം നടത്തി മുളകുപൊടി സ്പ്രേ ചെയ്ത് സംഘം കവർച്ച നടത്തിയത്. 16 ലക്ഷം രൂപ ഇങ്ങനെ കവർന്നു കൊണ്ടുപോയി എന്നാണ് മുഹമ്മദ് റാഫിയും കൂട്ടരും മൊഴി നൽകിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പെരുമ്പിലാവിലെ സിദ്ദിഖിന്റെ പരിചയത്തിൽ ഉള്ള രഞ്ജിത്ത് എന്ന ആളാണ് ഡോളർ മാറ്റി നൽകാമെന്ന് പട്ടാമ്പി സ്വദേശികളെ ധരിപ്പിച്ചിരുന്നത്.

ആക്രമണത്തിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കാലിൽ കത്തികൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രഞ്ജിത്ത് വയനാട്ടിൽ സമാനമായ കുഴൽപ്പണ തട്ടിപ്പ് കേസിൽ പ്രതിയാണ്. ഇന്ന് രാവിലെ എട്ടുമണിയോടെ വലപ്പാട് പൂക്കോട്ട് ശിവക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ സിൽവർ നിറത്തിലുള്ള ഇന്നോവ കാർ കണ്ടെത്തി.

പ്രതിയെന്ന് സംശയിക്കുന്ന ഒരാളെയും ഇന്നോവ കാർ വാടകയ്ക്ക് നൽകിയ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. കോൺഗ്രസ് നേതാവ് ഉൾപ്പെട്ട പട്ടാമ്പി സ്വദേശികളായ സംഘം ഇതിനു മുൻപും ഡോളർ ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കവർച്ച കേസ് അന്വേഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *