ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുന്നതിനായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ഉള്ളടക്കം ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരിശീലനം നല്‍കുന്നതിനായി ഇത്തരം ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാന്‍ ഓപ്പണ്‍എഐയ്ക്ക് ഹൈക്കോടതി അനുമതിയും നല്‍കി.

തങ്ങളുടെ ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് (എല്‍എല്‍എം) പരിശീലനം നല്‍കുന്നതിനായി ഓപ്പണ്‍എഐ പകര്‍പ്പവകാശമുള്ള കൃതികള്‍ ഉപയോഗിക്കുന്നത് കോപ്പിറൈറ്റ് ആക്ടിലെ ‘ഫെയര്‍ ഡീലിംഗ്’ വ്യവസ്ഥയ്ക്ക് കീഴിലാണ് വരുന്നതെന്ന് ഇടക്കാല ഉത്തരവില്‍ ജസ്റ്റിസ് അമിത് ബന്‍സാല്‍ വിധിച്ചു. ഓപ്പണ്‍എഐ തങ്ങളുടെ പകര്‍പ്പവകാശമുള്ള വസ്തുക്കള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് 2024-ല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

റിട്രീവല്‍-ഓഗ്മെന്റഡ് ജനറേഷന്‍ (RAG) സാങ്കേതികവിദ്യ ഉപയോഗിച്ച് ചാറ്റ്ജിപിടി നിര്‍മ്മിക്കുന്ന വിവരങ്ങള്‍ എഎന്‍ഐയുടെ യഥാര്‍ഥ സൃഷ്ടികളുമായി സാമ്യമുള്ളവയല്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് അമിത് ബന്‍സാല്‍, കോപ്പിറൈറ്റ് ആക്ടിലെ സെക്ഷന്‍ 51 പ്രകാരം ഇത് പ്രാഥമികമായി ലംഘനമല്ലെന്നും വ്യക്തമാക്കി. പകര്‍പ്പവാശമുള്ള സൃഷ്ടികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ചാറ്റജിപിടിയെ തടയുന്നത് രാജ്യത്തെ എഐ സംവിധാനങ്ങളുടെ വളര്‍ച്ചയ്ക്ക് ദോഷകരമാകുമെന്നും ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു. വാര്‍ത്താ ഉള്ളടക്കം പരസ്യമായി ലഭ്യമാണെന്നതുകൊണ്ട് മാത്രം അത് ഉപയോഗിക്കാനോ പകര്‍പ്പുകള്‍ ഉണ്ടാക്കി സൂക്ഷിക്കാനോ ഓപ്പണ്‍എഐക്ക് അവകാശമില്ലെന്നായിരുന്നു എഎന്‍ഐയുടെ വാദം. എന്നാല്‍, വസ്തുതകളില്‍ ആര്‍ക്കും കുത്തക അവകാശമില്ലെന്നും ഏതെങ്കിലും വാര്‍ത്താ പ്ലാറ്റ്ഫോമിന് തങ്ങളുടെ വെബ്സൈറ്റ് ഓപ്പണ്‍എഐ ആക്സസ് ചെയ്യുന്നത് ഇഷ്ടമല്ലെങ്കില്‍ അവയ്ക്ക് ബ്ലോക്ക്ലിസ്റ്റില്‍ ഉള്‍പ്പെടാമെന്നും ഓപ്പണ്‍എഐ വാദിച്ചു.

പകര്‍പ്പവകാശ നിയമവും സാങ്കേതിക മാറ്റങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ കോടതി, സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോള്‍, അവ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടി. റേഡിയോ പ്രക്ഷേപണം, കേബിള്‍ ടിവി, ഫോട്ടോക്കോപ്പിയിംഗ്, ഡിജിറ്റല്‍ ഡൗണ്‍ലോഡിംഗും സ്ട്രീമിംഗും, അടുത്തിടെ വന്ന എഐ എന്നിവ ഇത്തരത്തിലുള്ള ചില സാങ്കേതികവിദ്യകളാണെന്നും കോടതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *