മാനന്തവാടി: ചരിത്രപ്രസിദ്ധമായ ശ്രീ വള്ളിയൂര്‍ക്കാവ് ക്ഷേത്ര കേന്ദ്രീകരിച്ച് വിപുലമായ തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. മാനന്തവാടി നഗരസഭ, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി, വള്ളിയൂര്‍ക്കാവ് ദേവസ്വം, പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു മാതൃകാപരമായ പദ്ധതി നടപ്പിലാക്കുന്നത്.
ശബരിമല മോഡലില്‍ തീര്‍ത്ഥാടകര്‍ക്ക് അവരവരുടെ നാള്‍ വൃക്ഷങ്ങള്‍ (നക്ഷത്രവനം), മറ്റ് ഫലവൃക്ഷങ്ങള്‍ എന്നിവ നേരിട്ട് നടാനുള്ള സൗകര്യം ഒരുക്കും. കബനി നദിയോരവും ക്ഷേത്രത്തിന് മുന്‍പിലൂടെ കടന്നുപോകുന്ന ഹൈവേയുടെ ഇരുവശങ്ങളും വൃക്ഷത്തൈകള്‍ നട്ട് മനോഹരമാക്കും.വംശനാശഭീഷണി നേരിടുന്നതും അപൂര്‍വ്വവുമായ വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വില്‍പ്പനയ്ക്കായി പ്രത്യേക നഴ്‌സറി സജ്ജീകരിക്കും.
ചിത്രശലഭ ഉദ്യാനം, ഔഷധസസ്യ പാര്‍ക്ക് എന്നിവയ്‌ക്കൊപ്പം നാടന്‍ മത്സ്യങ്ങളുടെയും ജലജീവികളുടെയും സംരക്ഷണത്തിനായി പ്രത്യേക കുളവും നിര്‍മ്മിക്കും. കുളത്തിന് ചുറ്റും മുളയും ഓടയും നട്ടുപിടിപ്പിച്ച് പ്രകൃതിരമണീയമായ വിശ്രമകേന്ദ്രം ഒരുക്കും. കൂടാതെ, ദൂരസ്ഥലങ്ങളില്‍ നിന്നും മറ്റ് ക്ഷേത്രങ്ങളിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ‘ഇടത്താവള’ സൗകര്യവും ഉണ്ടാകും.
മണ്‍മറഞ്ഞു കൊണ്ടിരിക്കുന്ന വയനാടന്‍ കാര്‍ഷിക സംസ്‌കാരം, ആദിവാസി ഗോത്രസമൂഹത്തിന്റെ കലാരൂപങ്ങള്‍, പഴയകാല പണിയായുധങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വയനാടിന്റെ ചരിത്ര മ്യൂസിയവും ലൈബ്രറിയും സ്ഥാപിക്കും.
?ക്ഷേത്രത്തിലെ നിലവിലുള്ള ഉത്സവങ്ങള്‍ക്കോ ചടങ്ങുകള്‍ക്കോ യാതൊരു തടസ്സവും വരാത്ത രീതിയില്‍ സ്ഥലപരിശോധന നടത്തി, ആര്‍ക്കിടെക്റ്റിന്റെ മാസ്റ്റര്‍ പ്ലാനിംഗിന് ശേഷമായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. പദ്ധതിയുടെ കൃത്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഹരിത സമിതി ചെയര്‍മാന്‍ ടി.സി. ജോസഫിനെ ചുമതലപ്പെടുത്തി.
മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.സി. ജോസഫ് പദ്ധതി വിശദീകരിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, ഷിബു കെ. ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ, കൗണ്‍സിലര്‍ ശരണ്യ, ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ (ടഎഛ) സി.എസ്. വേണു സ്വാഗതവും എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ പി.എം. നന്ദകുമാര്‍ നന്ദിയും പറഞ്ഞു.
