വയനാട്: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36) ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും, അതീവ ഗുരുതരാവസ്ഥയിലായിരുന്ന സരീഷ് മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേഷിനെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
