തമിഴ്‌നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി മരിയ വിൽസൺ അവതരിപ്പിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും ഗുണകരമാകുന്ന വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾ, യുവാക്കൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി കൊണ്ടുവരും.
സർക്കാർ സ്‌കൂളുകൾ നവീകരിക്കാൻ 2132 കോടി അനുവദിച്ചു. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിവിധ സൗജന്യങ്ങൾ നൽകാൻ 139 കോടി. സ്‌കൂൾ വകുപ്പിന് 44,527 കോടി. പഠനം കഴിഞ്ഞ് ജോലി ലഭിക്കാത്ത യുവാക്കൾക്കായി പ്രത്യേക പദ്ധതി. ജോലി ലഭിക്കുന്നതിന് പ്രത്യേക പരിശീലനം നൽകും. അതുവരെ പ്രതിമാസം ആശ്വാസ ധനം നൽകും. ഇതിനായി 150 കോടി വകയിരുത്തി.
ലഹരിമുക്ത തമിഴ്‌നാടിനായി സ്‌കൂളുകളിൽ പദ്ധതി. സ്‌കൂളുകളിൽ വൊളണ്ടിയർ ഗ്രൂപ്പുകൾ കൊണ്ടുവരും. ഡ്രഗ് ഫ്രീ തമിഴ്നാട് ആപ്ലിക്കേഷൻ പുറത്തിറക്കും. കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകും. വെട്രി ലാപ്ടോപ്പ് സ്കീമിന് 2000 കോടി അനുവദിച്ചു. ആദ്യമായി ഹജ് യാത്ര നടത്തുന്നവർക്കുള്ള തുക വർധിപ്പിച്ചു.
25000 രൂപയിൽ നിന്ന് 35000 രൂപയായി ഉയർത്തി. സംസ്ഥാന ഹജ് കമ്മിറ്റിയിലൂടെ പോകുന്നവർക്കാണ് സഹായം നൽകുക. വിവാഹത്തിന് യുവതികൾക്ക് സഹായം നൽകും. 8 ഗ്രാം തങ്കനാണയവും പട്ട് സാരിയും നൽകും.ഇതിനായി 812 കോടി വകയിരുത്തി.ജെൻസി വിദ്യാർഥികൾക്ക് ബ്രാൻഡഡ് സൈക്കിൾ നൽകും. ഒപ്പം ഹെൽമറ്റും വാട്ടർ ബോട്ടിലും അനുവദിക്കും. 5.32 ലക്ഷം പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.മത്സ്യ തൊഴിലാളികൾക്ക് ധനസഹായം 1000 രൂപ വർധിപ്പിച്ചു. ട്രോളിങ്ങ് നിരോധന കാലത്തെ ധനസഹായം 7000 ആക്കി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. സർവീസിങ്ങിനായി മെക്കാനിക്കുകൾക്ക് പരിശീലനം നൽകും. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയാണ് ലക്ഷ്യം. അടുത്ത അഞ്ചുവർഷങ്ങൾ കൊണ്ട് 22500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകും. ഇതിനായി മൂന്നു കോടി രൂപ.
തായ് മാമൻ തങ്ക മോതിരം പദ്ധതി. സെപ്റ്റംബർ 15 മുതൽ നടപ്പാക്കും. സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും നൽകും. ഇതിനായി 560 കോടി വകയിരുത്തി.
മുല്ലപെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് ഉയർത്തുമെന്ന് ധനമന്ത്രി മാരി വിൽസൺ വ്യകത്മാക്കി. കാവേരി നദീജല തർക്കം, അർഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിർക്കും. ജലദൗർലഭ്യം ഇല്ലാതാക്കാൻ നടപടിയെടുക്കും.
