ഹല്‍ദ്വാനി സംഭവം: ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനം: അഡ്വ. ടി ജെ ഐസക്

കല്‍പ്പറ്റ: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയില്‍ ശ്രീരാം സേനയുടെ നേതൃത്വത്തിലുള്ള സംഘപരിവാറുകാര്‍ ഗംഗാജലം കൊണ്ട് ശുദ്ധീകരണയജ്ഞം നടത്തിയത് ദളിത് സമൂഹത്തോടുള്ള അവരുടെ കാഴ്ചപ്പാടിന്റെയും ജാതിവിവേചനത്തിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി ഡി സി സിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ മതേതര കൂട്ടായ്മയും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബത്തേരി കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഗാന്ധി ജംങ്ഷനിലെ മഹാത്മജിയുടെ പ്രതിമക്ക് മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് മതേതരകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഹല്‍ദ്വാനിയില്‍ നടന്നത് ദളിത് സമൂഹത്തോടുള്ള ബി ജെ പിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. മതേതര ഇന്ത്യയില്‍ ജാതിവിവേചനത്തിന്റെ വേരുകള്‍ പാകാനുള്ള എല്ലാ ശ്രമങ്ങളെയും കോണ്‍ഗ്രസ് പൊരുതി തോല്‍പ്പിക്കും. ബി ജെ പിയില്‍ നിന്നും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും സാധാരണക്കാര്‍ക്കും, ദളിതര്‍ക്കും, സമൂഹത്തിന്റെ താഴെത്തട്ടിലുളളവര്‍ക്കും ഒരു നീതിയും ലഭിക്കാന്‍ പോകുന്നില്ലെന്നതിന്റെ തെളിവാണ് ഇതുപോലുള്ള സംഭവങ്ങള്‍. അവരുടെ മനസില്‍ നിറഞ്ഞിരിക്കുന്ന ദുര്‍ഗന്ധവും അഴുക്കുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാവിജയന്‍, എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍, പി പി ആലി, കെ ഇ വിനയന്‍, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, എച്ച് ബി പ്രദീപ്മാസ്റ്റര്‍, വി എ മജീദ്, ഡി പി രാജശേഖരന്‍, അഡ്വ. പി ഡി സജി, എന്‍ സി കൃഷ്ണകുമാര്‍, എന്‍ യു ഉലഹന്നാന്‍, ബിനു തോമസ്, ബീന ജോസ്, ഒ വി അപ്പച്ചന്‍, സംഷാദ് മരക്കാര്‍, നജീബ് കരണി, ഉമ്മര്‍ കുണ്ടാട്ടില്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, പ്രസന്ന, ജിനി തോമസ്, അമല്‍ജോയി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *