സ്വര്‍ണവില ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നതോടെ പണയം വെയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകളും സ്വര്‍ണ പണയത്തിനായി ബാങ്കുകളെയാണ് സമീപിക്കുന്നത്. ഇവിടെ പലിശനിരക്ക് പൊതുവേ ഒന്‍പത് ശതമാനത്തിന് മുകളിലാണ്. ബാങ്ക്് ഇതര ധനകാര്യ സ്ഥാപനങ്ങളിലും പലിശ കൂടുതലാണ്.

സ്വര്‍ണവായ്പയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയെയും സമീപിക്കാവുന്നതാണ്. കെഎസ്എഫ്ഇയുടെ ജനമിത്രം സ്വര്‍ണവായ്പ സ്‌കീം ജനപ്രിയമായ ഒരു സ്വര്‍ണവായ്പ പദ്ധതിയാണ്. കുറഞ്ഞ പലിശയാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

സാധാരണ സ്വര്‍ണ വായ്പകളില്‍ നിന്ന് വ്യത്യസ്തമായി തിരിച്ചടവ് എളുപ്പമാക്കാന്‍ പ്രതിമാസ ഗഡുക്കള്‍ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. എന്നാല്‍ മൂന്ന് വര്‍ഷം വരെ പുതുക്കല്‍ ഓപ്ഷന്‍ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പ്രതിവര്‍ഷം 4.90 ശതമാനം ആണ്. ഒരു വ്യക്തിക്ക് പ്രതിദിനം പത്തുലക്ഷം രൂപ വരെ ഈ സ്‌കീം അനുസരിച്ച് വായ്പ കിട്ടും. അപ്രൈസര്‍ ചാര്‍ജ് ഒഴികെ മറ്റൊരു ചാര്‍ജും ഇല്ല. ആറ് ഗഡുക്കള്‍ അടച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ ഭാഗികമായി തിരിച്ചെടുക്കാനുള്ള ഓപ്ഷനും സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്.

18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതി അനുസരിച്ച് വായ്പ എടുക്കാവുന്നതാണ്. 22 കാരറ്റ്, 916 പരിശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഈടായി സ്വീകരിക്കുകയുള്ളൂ.

സ്വര്‍ണത്തിന്റെ മൂല്യം അടിസ്ഥാനമാക്കിയാകും വായ്പ നല്‍കുക. ഒരു വര്‍ഷം കാലാവധിയില്‍ എത്തുന്ന വായ്പ 12 ഗഡുക്കളായാണ് തിരിച്ചടയ്ക്കേണ്ടത്. അതേസമയം പലിശ കൃത്യമായി അടച്ച് മൂന്ന് വര്‍ഷം വരെ വായ്പ പുതുക്കി വയ്ക്കാനും സാധിക്കും. ഇഎംഐ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 12 ശതമാനം പിഴപ്പലിശ ബാധകമാകും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *