കോഴിക്കോട് : കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ഇന്നും നാളെയും പ്രവേശനം നിരോധിച്ചു. ഇന്ന് പുലര്‍ച്ചെ 12 മുതല്‍ 20-ന് (വ്യാഴം) രാത്രി 12 വരെ പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടറാണ് ഉത്തരവ് പുറത്തിറക്കിയത്. കേരള തീരത്ത് നേരത്തെ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട്ടെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം നിരോച്ചത്

അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടലില്‍ കുളിക്കുകയോ വെള്ളത്തിലിറങ്ങുകയോ കടല്‍ത്തീരത്തിന്റെ അരികിലേക്ക് പോവുകയോ ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കച്ചവടക്കാര്‍ക്കും ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കില്ല. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്. കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, ബേപ്പൂര്‍ റീജണല്‍ പോര്‍ട്ട് ഓഫീസര്‍, ഫിഷറീസ് വകുപ്പ് എന്നിവര്‍ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. ബുധനാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ 20-ന് വൈകിട്ട് 5.30 വരെ 16 മുതല്‍ 21 സെക്കന്‍ഡ്വരെ ദൈര്‍ഘ്യമുള്ളതും 1.2 മുതല്‍ 1.9 മീറ്റര്‍വരെ ഉയരമുള്ളതുമായ തിരമാലകള്‍ക്കാണ് സാധ്യതയുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *