ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് യാത്ര റദ്ദാക്കേണ്ടി വന്നതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

‘ഇത്തരം സന്ദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന പരിപാടികള്‍ വഹിക്കുന്ന പദവിക്കും സന്ദര്‍ശന ലക്ഷ്യത്തിനും അനുയോജ്യമായിരിക്കണം. എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയില്‍ അങ്ങനെയല്ലായിരുന്നു. അതിനാല്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ യുകെ സന്ദര്‍ശനത്തിന് അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്’- വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു.

നിലവില്‍ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്ക സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ രേവന്ത് റെഡ്ഡി ഓഗസ്റ്റ് 30ന് ഹൈദരാബാദിലേക്ക് മടങ്ങുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പ്രോട്ടോക്കോളും നയവും അനുസരിച്ച് യുകെയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ യുകെ യാത്രയ്ക്ക് മാത്രമാണ് അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഉന്നത അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തെലങ്കാനയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യത പരിശോധിക്കാനാണ് അമേരിക്കന്‍ യാത്ര നിശ്ചയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *