ഡല്‍ഹി: വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുന്നുവെന്നുമാണ് എക്‌സ് പോസ്റ്റ്. പ്രതിഷേധത്തിന്റെ ഭാഗമായ അഞ്ചു വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന എന്‍എസ്‌യുഐ ആരോപണം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

ബിഹാറിലെ വിദ്യാര്‍ഥികള്‍ക്ക് വളരെ വ്യക്തമായ ഒരു ചോദ്യമാണ് ചോദിക്കാനുള്ളത്. നിയമന പരീക്ഷകളില്‍ എന്തുകൊണ്ടാണ് ക്രമക്കേടുകള്‍ ഉണ്ടാകുന്നത്? ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ആരോപണങ്ങളില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? യുവജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ടുള്ള ഈ കളികളിപ്പിക്കല്‍ ഇനിയും എത്രകാലം തുടരും? – അദ്ദേഹം ചോദിച്ചു.

ബിപിഎസ്‌സി പരീക്ഷകളെച്ചൊല്ലിയുള്ള വിവാദം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. നിയമന നടപടികള്‍, പരീക്ഷാ രീതി, കാലതാമസം, സുതാര്യതയില്ലായ്മ എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ ദീര്‍ഘകാലമായി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. എന്നാല്‍, മറുപടി നല്‍കുന്നതിന് പകരം സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ഇത് പൊലീസ് നടപടിയുടെ മാത്രം വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിജെപി സര്‍ക്കാരിന്റെ മനോഭാവം സംബന്ധിച്ച വിഷയമാണ്. അവര്‍ക്ക് ചോദ്യങ്ങള്‍ക്കൊന്നും ഉത്തരങ്ങളില്ല. അതുകൊണ്ടാണ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു ആയുധമായി അവര്‍ പൊലീസിനെ മാറ്റുന്നത്. ലാത്തി പ്രയോഗിച്ചതുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ബിജെപി സര്‍ക്കാര്‍ മനസിലാക്കണം. ഭയം ജനിപ്പിച്ച് ഒരാളുടെ ഭാവി തട്ടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബിഹാറിലെ വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഇപ്പോള്‍ അവര്‍ക്ക് വേണ്ടത് വെറും ഉത്തരങ്ങള്‍ മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *