പൊഴുതന: അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്തോഷത്തിന്റെയും തിരമാലകളുമായി കാക്കിക്കൂട്ടം ‘സ്‌നേഹതീര’ത്തേക്ക് ഇരമ്പിയെത്തി. ആവേശത്തിലും ആഹ്ലാദത്തിലും ആടിയും പാടിയും, കൈയടിച്ചും ആ സ്‌നേഹതിരമാലകളില്‍ പൊഴുതന ലവ് ഷോര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ആടിയുലഞ്ഞു. ‘കൂടെയുണ്ട് കൂട്ടായി’ എന്ന പേരില്‍ വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ വൈത്തിരി പോലീസ് ജനമൈത്രി സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേഹസംഗമത്തിലാണ് ആഘോഷം അലതല്ലിയത്. സ്‌കൂളിലെത്തിയ പോലീസ് ഉദ്യോസ്ഥരെയെല്ലാം സല്യൂട്ടോട് കൂടിയാണ് കാവുംമന്ദം സ്വദേശിയായ അഭിജിത്ത് എസ്. നായര്‍ വരവേറ്റത്. മറ്റുള്ളവര്‍ നിറചിരികളോടെയും തോളില്‍ കൈയ്യിട്ടും കെട്ടിപിടിച്ചും എളുപ്പത്തില്‍ കാക്കിക്കൂട്ടത്തോടു കൂട്ടുകൂടി. ഓണാവധിക്ക് ശേഷം ആദ്യമായി സ്‌കൂളിലെത്തിയ സന്തോഷവും വിശേഷങ്ങളും അവര്‍ പോലീസുകാരുമായി പങ്കുവെച്ചു. തുടര്‍ന്ന് നടന്ന സംഗമം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ലോകം വിജയികളുടെത് മാത്രമല്ലെന്നും, എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എല്ലാവരും വളരെ പ്രധാനപ്പെട്ടവരാണ്. ഓരോരുത്തര്‍ക്കും ഓരോ കഴിവുകളുണ്ട്. മത്സരിച്ചു ജീവിക്കുന്നതിനേക്കാള്‍ സന്തോഷത്തോടെ ജിവിക്കുന്നതാണ് പ്രധാനമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കല്‍പ്പറ്റ ഡിവൈ.എസ്.പി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷനായി. എല്ലാ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്‌നേഹസമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉദ്ഘാടനപരിപാടിക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരായ ദാമോധരന്‍ ചീക്കല്ലൂര്‍, വിനോദ്, മുസ്തഫ, പ്രജിത്, ഷെറിന്‍ തുടങ്ങിയവരും, സൈനു, മഞ്ജുഷ, രാജലക്ഷ്മി തുടങ്ങിയവരും കുട്ടികള്‍ക്കായി പാട്ടുകള്‍ പാടി. കുട്ടികളും അവര്‍ക്കൊപ്പം ചുവടുവെച്ചു. വിഷ്ണുമായ, സഫ, സൈദ്, നിജില, അന്‍സിയ തുടങ്ങിയ കുട്ടികളും പോലീസ് ഉദ്യോഗസ്ഥഗര്‍ക്കായി പാട്ടുകള്‍ പാടി.

വൈത്തിരി എസ്.എച്ച്.ഒ എസ്.ഐ. സോബിന്‍, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ ദാമോദരന്‍ ചീക്കല്ലൂര്‍, ജനമൈത്രി കോഓര്‍ഡിനേറ്റര്‍ കെ.പി. മുരളീധരന്‍, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജന്‍, സ്‌കൂള്‍ എച്ച്.എം സൗമ്യ, ഡോളി പൊഴുതന, ആരിഷ, ജനമൈത്രി സമിതി അംഗങ്ങളായ സി.വി. ദേവസ്യ, അജി പൊഴുതന, സുലൈമാന്‍ അച്ചൂര്‍, ജോസഫ്, എസ്.സി.പി.ഒ കമറുദ്ദീന്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, ടാക്‌സി തൊഴിലാളി പ്രതിനിധികള്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കാളികളായി. സ്‌നേഹ വിരുന്നോടുകൂടിയാണ് സംഗമം സമാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *