തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. വെട്ടുകാട് സ്വദേശി സാബുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സാബുവിൻ്റെ സഹോദരി സതീദേവി (50) മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. ഇതിന് പുറമേ 8 വർഷം അധിക തടവും വിധിയിലുണ്ട്. മൂന്ന് പ്രതികളും ചേർന്ന് 3.5 ലക്ഷം പിഴ ഒടുക്കണമെന്നും തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫ് വിധിച്ചു.

സാബുവും സഹോദരി സതീദേവിയും അടുത്തടുത്ത വീടികളിലാണ് താമസിച്ചിരുന്നത്. വഴിത്തർക്കത്തെ തുടർന്ന് 2021 ഒക്ടോബർ 25 നാണ് സാബുവിനെ സഹോദരിയും മക്കളും ചേർന്ന് ആക്രമിച്ചത്. കമ്പിപ്പാരയും ഇടിവളയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സാബു 2021 ഡിസംബർ 31 നാണ് മരിച്ചത്.

വലിയതുറ പൊലീസ് ഇൻസ്പെക്ടറായ ആർ പ്രകാശ്, സതികുമാർ എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ 43 സാക്ഷികളെ വിസ്തരിച്ചു. 60 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വേണി കെ ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *