മീനങ്ങാടി: നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ‘സ്റ്റെർക്ക്’ വയനാട് (സയൻസ് ടെക്നോളജി എജ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ) നടപ്പാക്കുന്ന 15 ദിവസം നീളുന്ന ഭക്ഷ്യോല്പന്ന നിർമ്മാണ പരിശീലന പരിപാടി (MEDP) മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ പങ്കെടുക്കുന്ന വനിതകൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും വളർത്തുന്നതിനും കുടുംബശ്രീ വഴി ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.

എം.ഇ.ഡി.പി. തികച്ചും വ്യത്യസ്തമായ ഒരു പ്രോജക്ടാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ നബാർഡ് ജില്ലാ ഡെവലപ്‌മെന്റ് മാനേജർ ആർ. ആനന്ദ് അഭിപ്രായപ്പെട്ടു. പരിശീലനം നേടുന്ന 30 വനിതകളും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് സംരംഭങ്ങൾ തുടങ്ങുകയും, ഒരു വർഷത്തിനകം അവ വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുമ്പോഴാണ് ഈ പദ്ധതി പൂർണ്ണ വിജയമാകുന്നത്. മികച്ച ഫലമുണ്ടായാൽ മാത്രമേ അടുത്ത വർഷവും ഇത്തരം പദ്ധതികൾ അനുവദിക്കുകയുള്ളൂവെന്നും കുടുംബശ്രീയുടെ വിജയത്തിന് പിന്നിൽ നബാർഡിന്റെ സാമ്പത്തിക സഹായം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ലീഡ് ബാങ്ക് മാനേജർ എ. വിനീഷ് ബാബു വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ പരിചയപ്പെടുത്തി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജിഷ എ.കെ., അസിസ്റ്റന്റ് ജില്ലാ ഇൻഡസ്ട്രീസ് ഓഫീസർ രാജേഷ് കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നടന്ന സെഷനിൽ ക്ഷീരവികസന വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ എം. പ്രകാശ് സംരംഭകത്വ പരിശീലന ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

സുൽത്താൻ ബത്തേരി ബ്ലോക്കിലെ 30 വനിതകളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അരി, ചെറുധാന്യങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, മസാലക്കൂട്ടുകൾ, ക്ഷീരോൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം നൽകുന്നത്. തിയറി ക്ലാസുകൾക്ക് പുറമെ പ്രായോഗിക പരിശീലനവും വിജയകരമായി പ്രവർത്തിക്കുന്ന അഗ്രി-ബിസിനസ് യൂണിറ്റുകളിലേക്ക് പഠനസന്ദർശനവും ഇതിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ സ്വാഗതവും സി.ഇ.ഒ. ടോമി എം.എം. നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *