ഡല്‍ഹി: നാളെ സിജെപി സമരം നടക്കുന്നതിനാല്‍ ഡല്‍ഹി മെട്രോ, റെയില്‍ സര്‍വീസുകള്‍ അടച്ചിടുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഈച്ചയെ കൊല്ലാന്‍ ചുറ്റിക വേണ്ടെന്നാണ് കോടതിയുടെ പരാമര്‍ശം. വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കം അടക്കം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഡല്‍ഹി അടച്ചിടുന്നതില്‍ കോടതി കടുത്ത എതിര്‍പ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ജന്തര്‍ മന്തറില്‍ സമരം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. 

പ്രതിഷേധിക്കാനും സമാധാനപരമായി ഒത്തുചേരാനുള്ള ഭരണഘടനാപരമായ പൗരന്റെ അവകാശത്തെ കോടതി ഉയര്‍ത്തിപ്പിടിച്ചു. ഡല്‍ഹിയിലെ അടച്ചുപൂട്ടലുകള്‍ക്കെതിരെ സിപിഐഎം ദേശീയ അധ്യക്ഷന്‍ എംഎ ബേബി ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. എല്ലാവര്‍ക്കും കാര്‍ ഉണ്ടാകണമെന്നില്ല. ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. മെട്രോ ട്രെയിനുകള്‍ പൂര്‍ണമായി അടച്ചിടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഈ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നതിന് പകരം ട്രെയിനുകളുടെ ഇടവേള വര്‍ധിപ്പിക്കാം. ഏതെല്ലാം പ്രദേശങ്ങളില്‍ നിയന്ത്രകണം വേണം, ഒഴിവാക്കണമെന്ന് കൃത്യമായി വിലയിരുത്തണമെന്നും കോടതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *