2026 ഒക്ടോബർ 13 ചൊവ്വ
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. അബ്കാരി നിയമം 15എ പ്രകാരമാണ് കേസെടുത്തത്. 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനം നിയമലംഘനമെന്ന് എക്സൈസ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
അതേസമയം, പ്രതി സുഹൈൽ മദ്യപിച്ചത് എഫ്ഐആറിൽ ചേർക്കാതെ പൊലീസ്. ഉദാസീനമായും അമിത വേഗതയിലും വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസിന്റെ എഫ്ഐആറിലുള്ളത്. സുഹൈൽ അടക്കമുള്ളവർ മദ്യപിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഉദാസീനമായും അമിത വേഗതയിൽ വാഹനം ഓടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടം ഉണ്ടായി ഉടൻ തന്നെ എക്സൈസ് നടപടി സ്വീകരിച്ചതായി എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു. മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തതായും ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും 23 വയസിന് താഴെ പ്രായമുള്ള ആളുകൾക്ക് മദ്യം കൊടുക്കുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദഹം വ്യക്തമാക്കിയിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ചായക്കടയിൽനിന്ന് സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ വാഹനത്തിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു മരിച്ച മൂന്ന് പേരും. കർണാടക സ്വദേശിയാണ് ഇജാസ്. ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്.
