അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം ഉണങ്ങിയ കഞ്ചാവും 6 ഗ്രാം കഞ്ചാവിന്റെ കുരുവും പിടിച്ചെടുത്തു. അമ്പലവയൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
