മാനന്തവാടി:എവറസ്റ്റ് കൊടുമുടി കീഴടക്കിയ പ്രശസ്ത പർവ്വതാരോഹകനായ ഹേമന്ത് ആൽബർട്ട് സോറെംഗിനൊപ്പം തിരുനെല്ലി ബ്രഹ്മഗിരി മലനിരകളിൽ ട്രെക്കിംഗ് നടത്തി മലപ്പുറം കൊണ്ടോട്ടി ഒഴുകൂർ ക്രസന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ (എസ്.പി.സി.) ചരിത്രനേട്ടം കുറിച്ചു. വയനാട് ഇക്കോ ടൂറിസം അസോസിയേഷന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ പ്രത്യേക സാഹസിക യാത്ര സംഘടിപ്പിച്ചത്.

മലകളും കാട്ടരുവികളും നിബിഡവനവും ഒത്തുചേരുന്ന കാഴ്ചകളുടെ വിസ്മയ ലോകമാണ് ബ്രഹ്മഗിരിയെന്ന് ട്രെക്കിംഗിന് ശേഷം ഹേമന്ത് സോറെംഗ് അഭിപ്രായപ്പെട്ടു. “ലോക വിനോദസഞ്ചാര ഭൂപടത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഇടമാണിത്. ഇവിടുത്തെ പ്രകൃതിയുടെയും കാട്ടരുവികളുടെയും പവിത്രത ഇന്നും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് അതുപോലെ തന്നെ നിലനിർത്താൻ എല്ലാവരും ശ്രമിക്കണം,” അദ്ദേഹം ഓർമ്മപ്പെടുത്തി.

യാത്രയിലുടനീളം ഹേമന്ത് സോറെംഗ് തന്റെ ഹിമാലയൻ ട്രക്കിംഗ് അനുഭവങ്ങളും സാഹസിക യാത്രാവിശേഷങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. നിബിഡവനവും കാട്ടരുവികളും കടന്ന് എവറസ്റ്റ് ജേതാവിനൊപ്പം മലനിരകൾ കയറിയത് കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഏറെ സഹായകമായി.

വയനാടിന്റെ വിനോദസഞ്ചാര സാധ്യതകൾ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രെക്കിംഗ്, തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. വയനാട് ഇക്കോ ടൂറിസം അസോസിയേഷൻ പ്രസിഡന്റ് ഗോപവർമ്മ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി പ്രസ് ക്ലബ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ, പ്രസ് ക്ലബ് മുൻ പ്രസിഡന്റ് കെ.എം. ഷിനോജ്, സതേൺ അഡ്വഞ്ചേഴ്സ് പ്രതിനിധി സാജ് മാനന്തവാടി, സ്കൂൾ പ്രധാനാധ്യാപിക എം. ബേബി സുഷ,എസ്.പി.സി. കോ-ഓർഡിനേറ്റർമാരായ അമൽ ശങ്കർ, ടി. വിനയ, അധ്യാപകൻ ഷഹിർ മുഹമ്മദ്, വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാരായ ഹാഫിസ തസ്നീം, മുഹമ്മദ് നാദീൽഷാ എന്നിവർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *