2026 നവംബർ 29 ഞായർ
ദുബൈ: കെ. സുധാകരന്‍ എംപി ദുബൈയിലെ ആശുപത്രിയില്‍ തടങ്കലില്ലെന്ന് മകന്‍ സഞ്‌ജോഗ്. അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അച്ഛന്‍ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നും മകന്‍ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടര്‍ പറഞ്ഞുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കെ. സുധാകരന്‍ ഐസിയുവിലാണെന്നും ഇതില്‍ ദുരൂഹത സംശയിക്കുന്നുവെന്നും ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മകന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കണ്‍സള്‍ട്ടേഷനായി നവംബർ 27-നാണ് സുധാകരനെ ദുബൈ ഹില്‍സിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ക്ക് ശേഷം അഡ്മിറ്റ് ചെയ്യുകയും പിന്നീട് എന്‍സെഫലോപതി സംശയിച്ച് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നുവെന്നും മകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കെയാണ് പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയത്.
ഇന്നലെ വരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. രാവിലെ ഏഴുമണിക്ക് എത്തി അന്വേഷിച്ചപ്പോള്‍ രോഗി അവിടെയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. പിന്നീട് തര്‍ക്കവും സെക്യൂരിറ്റിയെ വിളിക്കുന്ന സാഹചര്യവുമുണ്ടായെന്നും മകനും ബന്ധുക്കളും പറയുന്നു. നിലവില്‍, ഈ ആശുപത്രിയില്‍ വിശ്വാസമില്ലെന്നും കെ. സുധാകരനെ വേഗത്തില്‍ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് മകനും മരുമകനും രേഖാമൂലം കത്ത് നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. പാര്‍ലമെന്റില്‍ നിര്‍ണായകമായ മണ്ഡല പുനര്‍നിര്‍ണയ ബില്‍ വരുന്ന സാഹചര്യത്തിലാണ് കെ. സുധാകരന്റെ കാര്യത്തില്‍ അവ്യക്തതകള്‍ നിലനില്‍ക്കുന്നത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നതിനിടെ ദുബായിലെത്തിയ കെ. സുധാകരന്‍ ഇന്ന് രാത്രിയോടെ ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.
ഡല്‍ഹിയില്‍ എത്താന്‍ ഹൈക്കമാന്‍ഡും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഏതുവിധേനയും മണ്ഡല പുനര്‍നിര്‍ണയ ബില്‍ പാസാക്കിയെടുക്കാന്‍ രാഷ്ട്രീയ നീക്കങ്ങളോ കുതിരക്കച്ചവടങ്ങളോ നടക്കുന്നുണ്ടോ എന്ന സംശയത്തിനിടയിലാണ് കെ. സുധാകരന്റെ കാര്യത്തില്‍ ദുരൂഹതകള്‍ ഉയരുന്നത്. കെ. സുധാകരനെ ആരെങ്കിലും തടങ്കലില്‍ വെക്കുമെന്ന വാദം അവിശ്വസനീയമാണെന്നും അദ്ദേഹം ബോധപൂര്‍വം ഒഴിഞ്ഞുമാറുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മീഡിയവണിനോട് പ്രതികരിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സുധാകരനെ നേരിട്ട് കിട്ടിയില്ലെന്നും മക്കളുമായാണ് സംസാരിച്ചതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അമേരിക്കയിലെ ചികിത്സക്ക് ആവശ്യമായ പണം കോണ്‍ഗ്രസ് പാര്‍ട്ടി ചെലവാക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും എന്തിനാണ് ഇത്തരം ദുരൂഹതകള്‍ സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
