2026 ഒക്ടോബർ 31 ശനി
ന്യൂഡൽഹി ∙ ടാറ്റ ഗ്രൂപ്പ് വിഷയത്തിനു പിന്നാലെ ഐഡിബിഐ സ്വകാര്യവൽക്കരണത്തിലും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്. പൊതുമേഖലയിലുള്ള ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർഫാക്സിനു വിൽക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമരരംഗത്തുള്ള ജീവനക്കാർക്ക് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ച് കത്തയച്ചിരുന്നു. പിന്നാലെയാണു ഓഹരി കൈമാറ്റം നടപടിക്രമങ്ങൾ പാലിച്ചെന്നു വ്യക്തമാക്കി നിർമലയുടെ പ്രതികരണം. രാഹുൽ പറഞ്ഞത് :
ജീവനക്കാർ കഠിനാധ്വാനം ചെയ്ത് ലാഭത്തിലാക്കിയ പൊതുമേഖലാ ബാങ്ക് എന്തിനാണു വിൽക്കുന്നത്?
7 വർഷം മുൻപ് നഷ്ടത്തിലായിരുന്ന ഐഡിബിഐ ബാങ്ക് കഴിഞ്ഞവർഷം 9000 കോടിയിലേറെ രൂപ ലാഭത്തിലായി. പൊതുജനങ്ങളുടെ പണം കൊണ്ട് പടുത്തുയർത്തിയ സ്ഥാപനം പൊതുജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സ്വകാര്യ ഉടമസ്ഥതയിലാകുന്നതോടെ പട്ടിക,പിന്നാക്ക വിഭാഗ സംവരണവും ഇല്ലാതാകും. നിർമലയുടെ മറുപടി:
ഐഡിബിഐ ബാങ്ക് ഞങ്ങൾക്കു കൈമാറിക്കിട്ടുമ്പോൾ ദയനീയമായ അവസ്ഥയിലായിരുന്നു. വിഡിയോകോൺ, വിൻസം, എബിജി ഷിപ്യാഡ്, കിങ്ഫിഷർ തുടങ്ങി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള കോർപറേറ്റ് ഗ്രൂപ്പുകൾക്കു വായ്പ നൽകാൻ ഐഡിബിഐ നിർബന്ധിതമായി. ഇവയെല്ലാം കിട്ടാക്കടങ്ങളായി. എൻഡിഎ സർക്കാരാണ് ബാങ്കിനെ പുനരുജ്ജീവിപ്പിച്ചത്. വേറെയും വിവാദം
അതിനിടെ ഓഹരി വിൽപയ്ക്ക് ഐഡിബിഐയുടെ വിപണിമൂല്യം കണക്കാക്കിയതിൽ അപാകതയുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ബാങ്കിന്റെ മൂല്യനിർണയം തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങൾ മാറ്റിയെന്ന് ആരോപിക്കുന്ന സർക്കാർ യോഗത്തിലെ രേഖകൾ പുറത്തുവന്നു.
ഒക്ടോബർ 14നാണ് കേന്ദ്രമന്ത്രിസഭ ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കനേഡിയൻ നിക്ഷേപക സ്ഥാപനമായ ഫെയർഫാക്സിനു 52,878 രൂപയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരിയും എൽഐസിയുടെ പക്കലുള്ള 30.42 ശതമാനം ഓഹരിയുമാണ് വിൽക്കുന്നത്. ഇതോടെ ബാങ്കിന്റെ നിയന്ത്രണ അധികാരം ഫെയർഫാക്സ് സ്വന്തമാക്കും. ഇടപാടിനു ശേഷം കേന്ദ്രത്തിന് 15 ശതമാനവും എൽഐസിക്ക് 19 ശതമാനവും ഓഹരികളാണ് ബാങ്കിലുണ്ടാവുക. കനേഡിയൻ ശകകോടീശ്വരൻ പ്രേം വാത്സയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് ഫെയർഫാക്സ്. ഓഹരിയൊന്നിന് 81 രൂപ നിരക്കിലാണ് വിൽപന തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഇത് ഓഹരിയൊന്നിന് 94.42 രൂപയായിരുന്നു.
എന്നാൽ 2026 മാർച്ച് 12നു നടന്ന ലേലത്തിൽ ഈ വില ക്വാട്ട് ചെയ്യാൻ ആരുമെത്തിയില്ല. പിന്നീട് ജൂൺ ഒന്നിന് ഫെയർഫാക്സ് സമർപ്പിച്ച ബിഡിലാണ് ഓഹരിയൊന്നിന് 81 രൂപ വാഗ്ദാനം ചെയ്തത്. തുടർന്ന് ബാങ്കിന്റെ വിപണിമൂല്യം വീണ്ടും പരിശോധിച്ചു. ഇതിൽ ഓഹരിയൊന്നിന് 75.99 രൂപയാണ് കണ്ടെത്തിയത്. ഇതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ തെറ്റാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. വിപണി മൂല്യം കണ്ടെത്താൻ സ്വകാര്യ ബാങ്കുകളെ ഒഴിവാക്കി പൊതുമേഖല ബാങ്കുകളെ മാത്രം ഉൾപ്പെടുത്തിയതിലും ക്രമക്കേടുകളുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ബാങ്കിന്റെ വിപണിമൂല്യം കണക്കാക്കിയതെന്നാണ് കേന്ദ്രസർക്കാർ വാദം.
