2026 നവംബർ 4 ബുധൻ

അബ്ദുല്‍ അൽ-സഈദ്, ഡെബ് ഹാലാൻഡ്, കീഷ ലാന്‍സ് ബോട്ടംസ് വാഷിങ്ടണ്‍: 2026ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ കുറിച്ചത് പുതിയൊരു അധ്യായം. ലിംഗ-വംശീയ-സാമൂഹിക വൈവിധ്യങ്ങൾക്ക് വൻ പ്രാധാന്യം നൽകിക്കൊണ്ട്, ചരിത്രപരമായ നിരവധി വിജയങ്ങൾക്കാണ് ഇത്തവണ അമേരിക്കൻ ജനത സാക്ഷ്യം വഹിച്ചത്. ആദ്യമായി സെനറ്റിലെത്തുന്ന മുസ്‌ലിം അംഗവും, സ്വവർഗ്ഗാനുരാഗിയായ ആദ്യ സെനറ്ററും, സംസ്ഥാന തലപ്പത്തെത്തുന്ന ആദ്യ പ്രാദേശിക ആദിവാസി വനിതാ ഗവർണറുമെല്ലാം ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകതകളാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ഏതാനുംപേരെ പരിചയപ്പെടാം… അബ്ദുല്‍ അൽ-സഈദ്:മിഷിഗണിൽ നിന്ന് വിജയിച്ച് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്‌ലിം അമേരിക്കക്കാരനായി അബ്ദുല്‍ അൽ-സഈദ് ചരിത്രത്തിൽ ഇടംനേടി. ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായിരുന്നു സഈദ്. സാക്ഷാൽ ട്രംപ് തന്ന് നേരിട്ടെത്തി അദ്ദേഹത്തിനെതിരെ വിദ്വേഷം ചൊരിഞ്ഞിരുന്നു. സഈദ് ജയിച്ചാൽ ശരീഅത്ത് നിയമം നടപ്പിലാക്കും എന്ന് വരെ തട്ടിവിട്ടു. എന്നാൽ അതൊന്നും ജനങ്ങൾ ചെവികൊണ്ടില്ല.

ട്രംപിന്റെ തന്നെ അടുപ്പക്കാരനായ മൈക്ക് റോജേഴ്‌സിനെ തോല്‍പിച്ചാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സഈദ് ചരിത്രം കുറിച്ചത്. ഡെബ് ഹാലാൻഡ്: ന്യൂമെക്സിക്കോ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടതോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ പ്രാദേശിക ആദിവാസി വനിതാ ഗവർണറായി ഡെബ് ഹാലാൻഡ് മാറി. ലഗൂണ പ്യൂബ്ലോ ഗോത്രവർഗ്ഗത്തിൽപ്പെട്ട ഹാലാൻഡ്, മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൻ കീഴിൽ യുഎസ് ഇന്റീരിയർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു കേന്ദ്ര വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യത്തെ നെറ്റീവ് അമേരിക്കൻ വ്യക്തിയും ഇവരായിരുന്നു. 2018ൽ യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രാദേശിക ആദിവാസി അമേരിക്കൻ വനിതകളിൽ ഒരാളും ഹാലാൻഡ് ആയിരുന്നു കീഷ ലാന്‍സ് ബോട്ടംസ്: ജോർജിയയിലെ ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ച കീഷ ബോട്ടംസ്, യുഎസ് ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ വനിതാ ഗവർണറെന്ന അപൂർവ്വ നേട്ടമാണ് സ്വന്തമാക്കിയത്. 2018 മുതൽ 2022 വരെ അറ്റ്‌ലാന്റ മേയറായി സേവനമനുഷ്ഠിച്ച ബോട്ടംസ് പിന്നീട് ബൈഡൻ ഭരണകൂടത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

ക്രിസ് പാപ്പാസ്: ന്യൂഹാംഷെയറിൽ നിന്ന് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ക്രിസ് പാപ്പാസ്, സെനറ്റിലെത്തുന്ന ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ പുരുഷനാണ്. ഡെമോക്രാറ്റിക് പാർട്ടി അംഗമായാണ് സെനറ്റ് പ്രവേശം. 2019 മുതൽ നവ ഹാംപ്ഷെയറിലെ ഒന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമാണ്.തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങിയ നിമിഷം മുതൽ പാപ്പാസ് കൈവരിച്ച മുന്നേറ്റം എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു. മുൻപ് വിരമിച്ച ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ജീൻ ഷഹീന്റെ പിൻഗാമിയായാണ് 46കാരനായ പാപ്പാസ് ഉപരിസഭയിലേക്ക് എത്തുന്നത് മെലാറ്റ് കിറോസ്:കൊളറാഡോയിലെ ഒന്നാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്ന് വിജയിച്ച്, സംസ്ഥാനത്ത് നിന്ന് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്തവർഗ്ഗക്കാരിയായ വനിതയായി. അഭിഭാഷകയും ഡോക്ടറേറ്റ് വിദ്യാർത്ഥിനിയുമായ കിറോസ്, പ്രൈമറി പോരാട്ടത്തിൽ ദീർഘകാലമായി പദവിയിലിരുന്ന ഡയാന ഡിഗെറ്റിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക് നോമിനേഷൻ നേടിയെടുത്തത്. ബൈറൺ ഡൊണാൾഡ്സ്: ഫ്ലോറിഡയുടെ ആദ്യ കറുത്തവർഗ്ഗക്കാരനായ ഗവർണറായാണ് ബൈറൺ ഡൊണാൾഡ്സ് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ, യുഎസ് ചരിത്രത്തിലെ ആദ്യ റിപ്പബ്ലിക്കൻ കറുത്തവർഗ്ഗക്കാരനായ ഗവർണർ കൂടിയാണ് ഇദ്ദേഹം.

യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് അംഗമായ ഡൊണാൾഡ്സിന്, പ്രചാരണ വേളയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണ ലഭിച്ചിരുന്നു. ആദം ഹമാവി:അമേരിക്കൻ സൈന്യത്തിൽ കോംബാറ്റ് സർജനായി സേവനമനുഷ്ഠിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ആദം ഹമാവി ന്യൂ ജേഴ്‌സിയിലെ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നാണ് വിജയിച്ചത്. ഇതോടെ യുഎസ് കോൺഗ്രസിൽ ന്യൂ ജേഴ്‌സിയെ പ്രതിനിധീകരിക്കുന്ന ആദ്യ മുസ്ലീം പ്രതിനിധിയായി. ഗസ്സയിൽ രോഗികളെ ചികിത്സിക്കുന്നതിനായി സന്നദ്ധസേവനം നടത്തിയിട്ടുള്ള ഹമാവി, വിദേശ രാജ്യങ്ങളിലെ മറ്റ് ജീവകാരുണ്യ വൈദ്യസഹായ ദൗത്യങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഒഹായോ ഗവർണർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായ ഡോ. ആമി ആക്റ്റണും മിനസോട്ടയിൽ നിന്ന് വിജയിച്ച് യുഎസ് സെനറ്റിലെത്തുന്ന ആദ്യത്തെ പ്രാദേശിക ആദിവാസിയായ പെഗ്ഗി ഫ്ലാനഗനും 20226ലെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ചരിത്രം സൃഷ്ടിച്ചവരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *