2026 നവംബർ 10 ചൊവ്വ

ന്യൂഡൽഹി: മകന്റെ സമീപത്ത് പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഡൽഹിയിലെ ആനന്ദ് പർബത് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ 42കാരനായ ഒരാളെ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൽജീത് നഗറിലെ പഞ്ചാബി ബസ്തിയിലായിരുന്നു സംഭവം. മറ്റൊരു പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമീപത്തായി കൊല്ലപ്പെട്ട ആൺകുട്ടി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ഇതിലൊരാളുടെ പിതാവ് മുന്ന സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് മുന്ന വീട്ടിൽ നിന്ന് ഇരുമ്പുവടിയുമായി എത്തി കുട്ടിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. കുട്ടികൾ തമ്മിലുള്ള തർക്കം പിന്നീട് ശാരീരിക ഏറ്റുമുട്ടലിലേക്ക് മാറിയതായും ഇതിനിടെയാണ് പിതാവ് മറ്റൊരു കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചതെന്നും പൊലീസ് അറിയിച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ലേഡി ഹാർഡിങ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെത്തുടർന്ന് ആനന്ദ് പർബത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുന്നയെയും കുട്ടികൾ തമ്മിലുള്ള ആദ്യ തർക്കത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തി ആനന്ദ് പർബത് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *