2026 നവംബർ 10 ചൊവ്വ

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെതിരായ പരാതി വിജിലൻസിന് കൈമാറിയേക്കും. മന്ത്രി ഓഫീസിനെതിരെ കള്ളരേഖകൾ ഉണ്ടാക്കാൻ മുൻ കമ്മീഷണർ ശ്രമിച്ചെന്നാണ് സംശയം. പരാതി പോലീസിന് കൈമാറാനും ആലോചനയുണ്ട്. തിങ്കളാഴ്ചയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ആരോൺ കോശി വർഗീസ് എന്ന ഉദ്യോഗസ്ഥൻ സീറാം സാംബശിവ റാവുവിനെതിരേ പരാതി നൽകിയത്. എക്സൈസ് കമീഷണറായിരിക്കേ സ്ഥലംമാറ്റ ഉത്തരവിന്റെ പേരിൽ വി. സീറാം സാംബശിവ റാവു ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. എക്സൈസ് മന്ത്രി എം. ലിജുവിന് ആരോൺ പരാതി കൈമാറി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരുടെയും എക്സൈസ് ഇൻസ്പെക്ടർമാരുടെയും സ്ഥലംമാറ്റ പട്ടിക തയാറാക്കുന്ന ചുമതലയുള്ള ഇൻസ്പെക്ടറാണ് ആരോൺ. ഈ പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത. അതിന്റെ നിയമവശങ്ങൾ പരിശോധിക്കുകയാണ്. കഴിഞ്ഞ ഒന്നാം തീയതിയാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. മൂന്നാംതീയതി പട്ടിക തയാറാക്കുകയും നാലാം തീയതി അത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഉത്തരവായി പുറത്തിറക്കുകയും ചെയ്തിരുന്നു.

എന്നാൽ, ആറാം തീയതി രാവിലെ ആരോണിനെയും ചുമതലക്കാരനായ സെക്ഷൻ സൂപ്രണ്ടിനെയും സീറാം ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഈ പട്ടിക താൻ കണ്ടിട്ടില്ലല്ലോയെന്നും എങ്ങനെയാണിത് തയാറാക്കിയതെന്നും ചോദിച്ച് ശകാരിച്ചെന്ന് പരാതിയിൽ പറയുന്നു. ശേഷം ഈ പട്ടിക, എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തയാറാക്കിയതെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോണിന്റെ ആരോപണം. മന്ത്രിയുടെ ഓഫീസിനെതിരെ ഇത്തരത്തിലുള്ള ഒരു വ്യാജരേഖ ചമയ്ക്കാൻ മുൻ എക്‌സൈസ് കമ്മീഷണർ ശ്രമിച്ചു എന്നുള്ളതാണ് പ്രധാനമായും നിയമപ്രശ്‌നമായി വരുന്നത്. അതുകൊണ്ട് ഈ കേസ് പോലീസിന് കൈമാറുമെന്നാണ് സൂചന. പരാതി വിജിലൻസിന് കൈമാറാനും ആലോചനയുണ്ടെന്നാണ് വിവരം. എറണാകുളത്തെ മേഘ ബാറുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. ബാറിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്ലാൻ പൂർണമായും അവഗണിച്ചുകൊണ്ടാണ് നിലവിലെ നിർമാണം നടത്തിയിരിക്കുന്നത്.

ഇതിന്റെ പേരിൽ ഇന്നലെ എക്‌സൈസ് വകുപ്പ് നടപടി എടുത്ത് മേഘ ബാറുടമയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ബാറിന്റെ അനധികൃത നിർമാണത്തെ കുറിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ എക്‌സൈസിന് ആ ബാറുകൾക്ക് ലൈസൻസ് നൽകാൻ സാധിക്കില്ല. ആ ചട്ടം കാറ്റിൽപ്പറത്തി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറിന് ലൈസൻസ് നൽകുകയായിരുന്നു. ഈ ബാറിന്റെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *