2026 നവംബർ 11 ബുധൻ
കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം മുൻ പൊലീസ് ഇൻസ്പെക്ടർ (സിഐ) പി.എ ഷമീർഖാനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിവിധ ആളുകളിൽ നിന്നായി 2,27,000 രൂപ ഇയാൾ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 16ന് ഷമീർഖാന്റെ ഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ജിപേ വഴിയാണ് ഇയാൾ കൈക്കൂലി പണം സ്വീകരിച്ചിരുന്നതെന്ന് കണ്ടെത്തിയത്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷമീർഖാൻ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം ഊർജിതമാക്കി വരികയായിരുന്നു. തുടർന്നാണ് പിടിയിലായത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
