2026 നവംബർ 12 വ്യാഴം

തിരുവനന്തപുരം: കെഎസ്ഇബി സ്മാർട്ട് മീറ്റർ രണ്ടാംഘട്ട വ്യാപനത്തിൻ്റെ ബിഡ് കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി. ഇതോടെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന നടപടികൾ മാർച്ചിലും തുടങ്ങാൻ ആവില്ല. ആർഡിഎസ്എസ് പദ്ധതിക്കുള്ള കേന്ദ്ര ഗ്രാൻഡ് ലഭിക്കുന്നത് വൈകുമെന്ന ആശങ്കയുമുണ്ട്. സംസ്ഥാനത്തിന്റെ അധിക കടമെടുപ്പിനെയും ഇത് ബാധിക്കും.

അടങ്കൽ തുകയെക്കാൾ 42% കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഗ്രിഡ് ക്രെസ്റ്റ് കമ്പനിക്ക് വർക്ക് ഓർഡർ ഇന്നലെ കൊടുക്കേണ്ടതാണ്. എന്നാൽ, ഇതിൽ തീരുമാനമെടുക്കുന്നതിനു മുമ്പേതന്നെ ഫയൽ കെഎസ്ഇബി അസാധാരണ നടപടിയിലൂടെ സർക്കാരിലേക്ക് അയച്ചു. വിഷയം സർക്കാർ പഠിച്ചു വരുന്നതിന് സമയമെടുക്കുമെന്നതിനാലാണ് ബിഡ് കാലാവധി ഫെബ്രുവരി രണ്ടുവരെ നീട്ടിയത്. ആർഡിഎസ്എസ് പദ്ധതിയുടെ ഭാഗമായി ട്രാൻസ്മിഷൻ ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്.

60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ഇതിന് ചെലവ് വഹിക്കുന്നത്. സ്മാർട്ട് മീറ്റർ രണ്ടാംഘട്ടം നടപ്പിലാക്കിയാലേ ഗ്രാൻഡ് അനുവദിക്കൂ എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കോൺട്രാക്ടർമാർക്ക് പണം കൊടുക്കാൻ ഇല്ലാതായതോടെ പലയിടത്തും നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. ഊർജ്ജമേഖലയിലെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറക്ക് സംസ്ഥാനത്തിന് അധിക കടമെടുപ്പിന് അവസരം ഉണ്ട്. സ്മാർട്ട് മീറ്റർ വൈകുന്നത് അധിക കടമെടുപ്പിനെയും ബാധിക്കും. ജനുവരിക്ക് ശേഷം നെറ്റ് മീറ്റർ വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ ആലോചന. സ്മാർട്ട് മീറ്റർ വൈകിയാൽ സോളാർ ഉപഭോക്താവിനെ നെറ്റ് മീറ്റർ കയ്യിലെ പണം കൊടുത്ത് വാങ്ങേണ്ടിവരും. ഇതും പ്രതിസന്ധിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *