2026 നവംബർ 12 വ്യാഴം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്തിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമര പന്തൽ ബലമായി പൊലീസ് പൊളിച്ചുനീക്കി. സംഭവത്തിൽ 50 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. പന്തൽ കെട്ടി യാത്രാതടസ്സം ഉണ്ടാക്കിയെന്നും, സെക്രട്ടറിയേറ്റിനു മുന്നിൽ അന്യായായി സംഘം ചേർന്നെന്നുമാണ് എഫ്ഐആറിലെ പ്രധാന ആരോപണങ്ങൾ. സമരവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ നേതാക്കളായ വി. മനു, പി. സുധീർ, വിഷ്ണു, അനൂപ്, ലിജു, ശ്യാമ എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന യുവമോർച്ചയുടെയും ബിജെപിയുടെയും പ്രവർത്തകരെയുമാണ് പ്രതി ചേർത്തത്. സംഘർഷത്തിൽ ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, 130 ദിവസം പിന്നിട്ട സമരം തുടരുമെന്നും പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും ഉദ്യോ​ഗാർഥികൾ അറിയിച്ചു.

സമരപ്പന്തൽ നീക്കിയതിന് പിന്നാലെ അതേ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ പുതിയ പന്തൽ കെട്ടി. ഡിവൈഎഫ്ഐയും യുവമോർച്ചയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉദ്യോഗാർഥികൾക്കൊപ്പം സമരപ്പന്തലിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഇരു യുവജന സംഘടനകളും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. അതിനിടെ, 17 ദിവസമായി നിരാഹാര സമരം തുടരുകയായിരുന്ന വളർമതിയെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ് വളർമതി. എന്നാൽ ചികിത്സ സ്വീകരിക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വളർമതി. ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റാതെ ചികിത്സ തുടരേണ്ടതില്ലെന്നാണ് നിലപാട്. വളർമതിക്ക് പകരമായി ഉദ്യോഗാർഥിയായ എം.ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *