2026 നവംബർ 19 വ്യാഴം

തിരുവനന്തപുരം: നിയമനത്തിനായുള്ള കാത്തിരിപ്പ് നീളുന്നതിനിടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് മുന്നിൽ പുതിയ നിർദേശവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. അടുത്ത രണ്ടു വർഷത്തേക്ക് വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകൾ സംരക്ഷിത അധ്യാപകർക്ക് പകരം പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തി നികത്തണമെന്നാണ് ആവശ്യം. നിർദേശം അംഗീകരിച്ചാൽ 1,200 മുതൽ 1,400 വരെ നിയമനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. എന്നാൽ സംരക്ഷിത അധ്യാപകരുടെ നിയമനാവകാശവും സർവീസ് സംഘടനകളുടെ എതിർപ്പും സർക്കാരിന് മുന്നിൽ വെല്ലുവിളിയാകും. സമരക്കാരുടെ പുതിയ നിർദേശം വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിഗണിക്കുന്നതായാണ് വിവരം. ഡിവിഷൻ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യവും നിയമനപ്രശ്നങ്ങളും മന്ത്രിസഭയിൽ ചർച്ചയായെങ്കിലും അനുപാതം കുറയ്ക്കുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അനുപാതത്തിൽ മാറ്റം വരുത്തിയാൽ അത് മറ്റു മേഖലകളിലേക്കും വ്യാപിക്കാമെന്നും ഏകദേശം 400 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകാമെന്നുമാണ് ആശങ്ക.

നിലവിലെ രീതിയനുസരിച്ച് വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകളിൽ സംരക്ഷിത അധ്യാപകർക്കാണ് നിയമനത്തിൽ മുൻഗണന ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ 1,200ലധികം ഒഴിവുകൾ സംരക്ഷിത അധ്യാപകർക്ക് ലഭിച്ചെന്നാണ് കണക്ക്. ഇതാണ് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ നിയമനസാധ്യത കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്. അടുത്ത രണ്ടു വർഷത്തേക്ക് ഇത്തരം വിരമിക്കൽ ഒഴിവുകൾ പിഎസ്‌സി ലിസ്റ്റിൽ നിന്ന് നികത്തിയാൽ കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുമെന്നാണ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതീക്ഷ. ഒരു വർഷത്തേക്കെങ്കിലും ഈ ഇളവ് അനുവദിക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്. നിലവിലുള്ള സംരക്ഷിത അധ്യാപകരെ പൂർണമായി അവഗണിക്കാതെ മറ്റു ഒഴിവുകൾ വഴി അവർക്ക് നിയമനസാധ്യത ഒരുക്കാമെന്ന നിർദേശവും ചർച്ചയിലുണ്ട്. സംരക്ഷിത അധ്യാപകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വിരമിക്കൽ ഒഴിവുകൾ അവർക്ക് നൽകാതിരിക്കുന്നത് സർവീസ് സംഘടനകളുടെ ശക്തമായ എതിർപ്പിന് ഇടയാക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക.

രണ്ടു വർഷത്തേക്ക് പിഎസ്‌സി ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയാൽ സംരക്ഷിത അധ്യാപകരുടെ നിയമനസാധ്യതയും പരിഗണിക്കേണ്ടിവരും. അതിനായി എച്ച്ഡിവി ഒഴിവുകൾ, എസ്എസ്കെ, ബിആർസി തുടങ്ങിയ മേഖലകളിലെ ഒഴിവുകൾ സംരക്ഷിത അധ്യാപകർക്ക് നൽകാമെന്ന നിർദേശവും ചർച്ചയിലുണ്ട്. എന്നാൽ ഈ ക്രമീകരണം നടപ്പാക്കിയാലും സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതാണ് മറ്റൊരു പ്രശ്നം. നേരിട്ടുള്ള നിയമനച്ചെലവിനപ്പുറം സംരക്ഷിത അധ്യാപകരെ പുനർവിന്യസിക്കുന്നതിനും നിയമനക്രമീകരണങ്ങൾക്കുമായി സാമ്പത്തികവും ഭരണപരവുമായ തീരുമാനങ്ങൾ വേണ്ടിവരും. എൽപിഎസ്ടി ഉദ്യോഗാർത്ഥികളുമായി വിദ്യാഭ്യാസ വകുപ്പ് പലവട്ടം ചർച്ച നടത്തിയിട്ടും സമരം ഒത്തുതീർപ്പിലെത്തിയിട്ടില്ല. എട്ടു തവണ വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഒരുതവണ ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി എൻ.

ഷംസുദ്ദീൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും വിഷയത്തിൽ ചർച്ചകൾ നടന്നിട്ടുണ്ട്. സാമ്പത്തിക പരിമിതികൾ, സർക്കാർ അനുമതി, സർവീസ് സംഘടനകളുടെ നിലപാട് എന്നിവ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷം അടുത്ത ബുധനാഴ്ചയോടെ സമരം ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. രണ്ടു വർഷത്തെ വിരമിക്കൽ ഒഴിവുകൾ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നികത്തണമെന്ന നിർദേശം സമരത്തിന് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്. സംരക്ഷിത അധ്യാപകരുടെ താൽപര്യവും ഉദ്യോഗാർത്ഥികളുടെ നിയമനാവശ്യവും ഒരേസമയം പരിഗണിച്ചുള്ള തീരുമാനമെടുക്കുക എന്നതാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

By admin

Leave a Reply

Your email address will not be published. Required fields are marked *