2026 നവംബർ 24 ചൊവ്വ
തിരുവനന്തപുരം: സ്കൂൾ ബാഗിന്റെ ഭാരം ക്രമീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേരും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന്റെ അധ്യക്ഷതയിൽ എസ്‌സിഇആര്‍ടി ബാലാവകാശ കമ്മിഷൻ പഠന റിപ്പോർട്ടുകളും ശുപാർശകളും ചർച്ചയാകും. ടൈംടേബിൾ പുനഃക്രമീകരണവും യോഗത്തിൽ ചർച്ചയാകും. കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്നാണ് ബാലാവകാശ കമ്മീഷന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്.
നിലവിലെ പീരീഡ് സംവിധാനത്തിലും പഠനരീതിയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും വിലയിരുത്തലുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും പുസ്തകമില്ലാത്ത പീരീഡുകൾ ഉൾപ്പെടെ കൊണ്ടുവന്നും പഠനഭാരം കുറയ്ക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ ഉറപ്പാക്കി സമഗ്രമായ നയരൂപീകരണത്തിന്റെ ആദ്യഘട്ട ആലോചനകളാണ് ഇന്നത്തെ യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.
