2026 നവംബർ 24 ചൊവ്വ

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടത്തിയ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, അന്നത്തെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്ത് അന്വേഷണ സംഘം ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിൽ (RBC) നിന്ന് ഷറഫലിക്ക് പണം ലഭിച്ചത് പ്രധാന തെളിവാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് എസ്‌ഐടിക്ക് നേരത്തെ തന്നെ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി കിട്ടിയിരുന്നു. ആർ.ബി.സി.ക്ക് കലൂർ സ്റ്റേഡിയം അനുവദിച്ചതുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ സാമ്പത്തിക ഇളവ് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കലൂർ സ്റ്റേഡിയം ആർ.ബി.സി.ക്ക് അനുവദിച്ച അതേ ദിവസം തന്നെയാണ് യു.

ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറത്തെ ഫുട്‌ബോൾ അക്കാദമിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുകോടി രൂപ എത്തിയിട്ടുള്ളത്. ഈ തുക എങ്ങനെയൊക്കെ ചെലവഴിച്ചുവെന്നും ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതിനെക്കുറിച്ചും അന്വേഷണ സംഘത്തിന് കൃത്യമായ രേഖകൾ ലഭിച്ചിട്ടുണ്ട്. അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) ആർ.ബി.സി.യും തമ്മിൽ ഒപ്പിട്ട കരാറിൽ അന്നത്തെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായിരുന്നു. കരാറിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിന് പ്രത്യുപകാരമായാണ് ഈ പണം അക്കാദമി അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി വി. അബ്ദുറഹിമാൻ, യു. ഷറഫലി എന്നിവരെ കേസിൽ പ്രതിചേർക്കുന്നതിനും ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനും ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് പൂർണ അനുമതി നൽകിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *