2026 നവംബർ 25 ബുധൻ

ഇടുക്കി: പ്രതികൂല കാലാവസ്ഥ കാരണം ചക്കക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള ദൗത്യം വനംവകുപ്പ് താത്കാലികമായി നിർത്തിവെച്ചു. ഇന്ന് പുലർച്ചെ മുതൽ നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് ആനയെ കണ്ടെത്താനായത്. തുടർന്ന് ദൗത്യസംഘം ആനയ്ക്ക് നേരെ മയക്കുവെടി ഉതിർത്തു. ആനയുടെ കാലിൽ വെടിയേറ്റെങ്കിലും മരുന്ന് പൂർണമായി ശരീരത്തിൽ പ്രവേശിക്കാത്തതിനാൽ ആന മയങ്ങിയില്ല.

ഇതോടെ രണ്ടാം ഡോസ് മരുന്ന് നൽകുന്നതിനായി ദൗത്യസംഘം ആനയ്ക്ക് അരികിലേക്ക് നീങ്ങിയെങ്കിലും ആന സംഘത്തിന് നേരെ പാഞ്ഞടുത്തത് ആശങ്ക സൃഷ്ടിച്ചു. ഇതിനുപുറമെ, പ്രദേശത്ത് പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റും മൂലം കാഴ്ചപരിധി കുറഞ്ഞതും ദൗത്യസംഘത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി.

നിലവിൽ ചക്കക്കൊമ്പൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിലാണ്. രാത്രിയിലും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥയും സാഹചര്യങ്ങളും അനുകൂലമായാൽ നാളെ രാവിലെ ഏഴ് മണിയോടെ കൂടുതൽ മുന്നൊരുക്കങ്ങളോടെ ദൗത്യം പുനരാരംഭിക്കും.

അതേസമയം, ചിന്നക്കനാലിൽ നിയന്ത്രണങ്ങൾ തുടരും. നാളെയും ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1,2,9,10,11,12 വാർഡുകളിലാണ് നിയന്ത്രണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *