കല്‍പ്പറ്റ: ജനശബ്ദം കര്‍മസമിതിയുടെ നേതൃത്വത്തില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ 19ന് കളക്ടറേറ്റും പരിസരത്ത് ദേശീയപാതയും ഉപരോധിക്കും. ദുരന്തമേഖലയിലെ അര്‍ഹതയുള്ള മുഴുവന്‍ ആളുകളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കണമെന്ന് ആശ്യപ്പെട്ടാണ് സമരമെന്ന് കര്‍മസമിതി ചെയര്‍മാന്‍ നസീര്‍ ആലയ്ക്കല്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ കെ. ഉസ്മാന്‍ ബാപ്പു, ജോയിന്റ് സെക്രട്ടറി കെ. ജിജീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയസ്റ്റാന്‍ഡ് പരിസരത്തുനിന്നു പ്രകടനമായി എത്തിയാണ് ഉപരോധം ആരംഭിക്കുക.
ദുരന്തം ബാധിച്ചതില്‍ പുനരധിവാസത്തിന് അര്‍ഹരെന്ന് സര്‍ക്കാര്‍ കണ്ടെത്തിയവരുടെ പട്ടികയില്‍
451 പേരാണുള്ളത്. പുഞ്ചിരിമട്ടം ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിനു മുമ്പാണ് 49 കുടുംബങ്ങളെ പട്ടികയില്‍ ചേര്‍ത്തത്. ഇതിനു സ്വീകരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് അട്ടമല, പടവെട്ടിക്കുന്ന്, മുണ്ടക്കൈ, റാട്ടപ്പാടി, പടവെട്ടിക്കുന്ന്, അയ്യപ്പന്‍കുന്ന്, കൊയിനാകുളം, ഗോപിമൂല തുടങ്ങിയ പ്രദേശങ്ങളിലായി 173 കുടുംബങ്ങള്‍ക്കു കൂടി പുനരധിവാസത്തിന് അര്‍ഹതയുണ്ട്. ഈ കുടുംബങ്ങളെയും പുനരധിവാസ പദ്ധതി ഗുണഭോക്താക്കളാക്കണം. അനര്‍ഹരെ പട്ടികയില്‍നിന്നു ഒഴിവാക്കണം. മുണ്ടക്കൈയില്‍നിന്നു വര്‍ഷങ്ങള്‍ മുമ്പ് താമസം മാറ്റിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റവന്യു അധികാരികളെ സ്വാധീനിച്ചാണ് അനര്‍ഹര്‍ പട്ടികയില്‍ കയറിക്കൂടിയതെന്നാണ് സംശയിക്കുന്നത്. ഒമ്പത് പേര്‍ ഇരട്ട ഉപജീവനബത്ത കൈപ്പറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കര്‍മ സമിതി ഭാരവാഹികള്‍ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *