കല്‍പ്പറ്റ: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച വനം-വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള തട്ടിപ്പാണെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ജനറല്‍ സെക്രട്ടറിമാരായ എം.പി. സുകുമാരന്‍, ടി.എം. സുബീഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍ഫ് കെ.എം. പ്രജീഷ്, ജില്ലാ സെല്‍ കോഓര്‍ഡിനേറ്റര്‍ മനോജ് വി. നരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനാണ് അയ്യപ്പസംഗമം നടത്തുന്നത്. അതുപോലെ വന്യജീവി ശല്യംമൂലം ഗതികേടിലായ മലയോരജനതയെ വഞ്ചിക്കാന്‍ തയാറാക്കിയതാണ് ഭേദഗതി ബില്‍. അക്രമകാരികളായ വന്യമൃഗങ്ങളെ മുന്‍പിന്‍ നോക്കാതെ കൊല്ലാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും മറ്റും നിയമഭേദഗതിയിലൂടെ കഴിയുമെന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അത് നേരത്തേ ചെയ്യാമായിരുന്നു. നിയമഭേദഗതിക്ക് മുതിരാതെ കഴിഞ്ഞ ഒമ്പത് വര്‍ഷം പാഴാക്കിയത് എന്തിനെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഇത്രയുംകാലം കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി വന്യജീവി ആക്രമണങ്ങളെ ന്യായീകരിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്തത്.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ ഉത്തരവിടാന്‍ സംസ്ഥാന മുഖ്യവനപാലകന് അധികാരം നല്‍കുന്നതാണ് 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം. എന്നിരിക്കേ ഇക്കാര്യത്തില്‍ നിയമഭേദഗതി പ്രഹസനമാണ്. കേന്ദ്ര നിയമം വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തുകയാണ് ചെയ്തത്.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് മലയോരജനത വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ബിജെപിക്കും ഇതേ അഭിപ്രായമാണ്. എന്നാല്‍ ഇതിന് നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന ഭേദഗതി പര്യാപ്തമാകുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഇളവ് നേടുന്നതിനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
നിയമഭേദഗതിയിലൂടെ കര്‍ഷകര്‍ക്ക് എന്ത് ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയണം. വന്യജീവി ആക്രമണം തടയാനും കൃഷിഭൂമി സംരക്ഷിക്കാനും കാടും നാടും വേര്‍തിരിക്കാനും ബില്ലില്‍ വ്യവസ്ഥകളില്ല. വര്‍ധിച്ച വന്യജീവി ശല്യത്തിന്റെ പ്രധാനകാരണങ്ങള്‍ നിവാരണം ചെയ്യാനും ബില്ലില്‍ വ്യവസ്ഥകളില്ല. ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 45 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ കേന്ദ്ര നിയമം കേരള സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത് കോടതികയറാന്‍ സാധ്യത ഏറെയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
