പത്തനംതിട്ട: നിയമസഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാരോപണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനിടെയാണ് പാലക്കാട് എംഎല്‍എയുടെ ശബരിമല ദര്‍ശനം. വ്യാഴാഴ്ച പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത രാഹുല്‍ മാങ്കൂട്ടത്തില്‍ ഉഷപൂജയ്ക്ക് ശേഷവും ദര്‍ശനം നടത്തി.
പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ ആദ്യ ആദ്യ ദിവസത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയിരുന്നു. അന്തരിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള സഭാ നടപടിപകള്‍ പൂര്‍ത്തിയാക്കും മുന്‍പ് രാഹുല്‍ മടങ്ങുകയും ചെയ്തു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരുന്നു രാഹുല്‍ ഇരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സഭാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഒന്നിലധികം യുവതികള്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു. ആരോപണങ്ങളില്‍ അദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
