കല്‍പ്പറ്റ: സോണിയ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനത്തില്‍ എസ്എന്‍ഡിപി കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ നടത്തിയ സന്ദര്‍ശനത്തെച്ചൊല്ലി വിവാദം. സമുദായത്തിന്റെ കൂട്ടായ്മയും അംഗബലവും ബോധ്യപ്പെടുത്താന്‍ അവസരം ഒരുക്കാതെ കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ എംപിമാരെ എത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം ജില്ലയിലെ ശ്രീനാരായണീയരെ അധിക്ഷേപിച്ചുവെന്ന പ്രമേയം എസ്എന്‍ഡിപി ബത്തേരി യൂണിയന്‍ പാസാക്കിയതാണ് വിവാദത്തിന് ആധാരം.
ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളും നെഹ്‌റു കുടുംബത്തില്‍നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുമായ മൂന്നു പേര്‍ ഒരേസമയം നടത്തിയ സന്ദര്‍ശത്തെ അത്യപൂര്‍വ സംഭവമായാണ് എസ്എന്‍ഡിപി കല്‍പ്പറ്റ യൂണിയനിലെ ഒരു വിഭാഗം കാണുന്നത്. സോണിയയുടെയും മക്കളുടെയും ഒന്നിച്ചുള്ള സന്ദര്‍ശനം ശിവഗിരിക്കുപോലും ലഭിക്കാത്ത സൗഭാഗ്യമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ എംപിമാര്‍
കല്‍പ്പറ്റ യൂണിയന്‍ ഓഫീസില്‍ നടത്തിയത് പ്രഹസന സന്ദര്‍ശനമാണെന്ന് കഴിഞ്ഞദിവസം എസ്എന്‍ഡിപി ബത്തേരി യൂണിയന്‍ നേതൃത്വം വിളിച്ചുചേര്‍ത്ത ശ്രീനാരായണീയരുടെ യോഗം ആരോപിച്ചു. യൂണിയന്‍ പരിധിയിലെ എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പോഷക സംഘടനകളായ വനിതാസംഘം, യൂത്ത് മൂവ്‌മെന്റ്, ബാലജനയോഗം, കുമാരി സംഘം, സൈബര്‍ സേന, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തതാണ് യോഗം.
ഈഴവ, തീയ്യ സമുദായങ്ങള്‍ക്ക് മതിയായ പരിഗണന കോണ്‍ഗ്രസില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിന് മറയിടുന്നതിനാണ് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ ഗൂഢാലോചന നടത്തി എംപിമാരെ യൂണിയന്‍ ഓഫീസില്‍ എത്തിച്ചതെന്നു യോഗം കുറ്റപ്പെടുത്തി. എംപിമാര്‍ എത്തിയപ്പോള്‍ യൂണിയന്‍ ഓഫീസില്‍ നടക്കുകയായിരുന്നു ദൈവവദശകം(ശീനാരായണഗുരു രചിച്ച പ്രാര്‍ഥനാഗീതം) ആലാപനം സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ത്തിവയ്പ്പിച്ചത് ഗുരുവിനോടുള്ള അവഹേളനമാണെന്ന് യോഗം അഭിപ്രായപ്പെട്ടതായി
എസ്എന്‍ഡിപി ബത്തേരി യൂണിയന്‍ ചെയര്‍മാന്‍ എന്‍.കെ. ബാബുരാജ്, കണ്‍വീനര്‍ എന്‍.കെ. ഷാജി എന്നിവര്‍ പറഞ്ഞു. ദൈവദശകം ആലാപനം തുടങ്ങിയാല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പ്രാര്‍ഥനയില്‍ പങ്കാളികളാകുകയോ അല്ലെങ്കില്‍ കഴിയുന്നതുവരെ കാത്തുനില്‍ക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഇക്കാര്യം എംപിമാര്‍ക്ക് പറഞ്ഞുകൊടുക്കാനും ആരും ഉണ്ടായില്ല. ഗുരുവിനെക്കുറിച്ച് ഒരക്ഷരംപോലും പ്രതിപാദിക്കാതെയയാണ് എംപിമാര്‍ ഹ്രസ്വസന്ദര്‍ശനം നടത്തി മടങ്ങിയത്.
ശ്രീനാരായണഗുരുവന്റെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഏഴിന് ബത്തേരി ടൗണില്‍ നടത്തുന്ന ജയന്തി സമ്മേളനം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്യണമെന്ന് എസ്എന്‍ഡിപി ബത്തേരി യൂണിയന്‍ ആഗ്രഹിച്ചിരുന്നു. എംപിയെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് ജൂണ്‍ 13ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് യൂണിയന്‍ കത്ത് നല്‍കി. ഈ കത്ത് എംഎല്‍എ കൈമാറിയതിനെത്തുടര്‍ന്ന് എംപി ഓഫീസില്‍നിന്നു യൂണിയന്‍ ഭാഹരവാഹികളെ ബന്ധപ്പെടുകയും ഗുരുജയന്തി ആഘോഷത്തില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതിന് സംവിധാനം ഒരുക്കാമെന്ന് അറിയിക്കുയും ചെയ്തതാണ്. എന്നാല്‍ ബത്തേരിയില്‍ ജയന്തി ആഘോഷത്തിന് എംപി എത്തിയില്ല. എന്നിരിക്കേയാണ് എംപിയും സഹോദരനും മാതാവും കല്‍പ്പറ്റ യൂണിയന്‍ ഓഫീസ് സന്ദര്‍ശിച്ചത്. തലേന്നു രാത്രി വൈകിയാണ് സന്ദര്‍ശന വിവരം കല്‍പ്പറ്റ യൂണിയന്‍ ഭാരവാഹികളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. എംഎല്‍എ മുഖേന കത്ത് നല്‍കിയിട്ടും പ്രിയങ്ക ഗാന്ധി ബത്തേരിയില്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാത്തതില്‍ ബത്തേരി യൂണിയന് ശക്തമായ പ്രതിഷേധം ഉണ്ടെന്നും ചെയര്‍മാനും കണ്‍വീനറും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *