പുല്‍പ്പള്ളി: സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ മൂലം കടക്കെണിയിലായ വീട്ടമ്മ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടങ്ങി. കേളക്കവല പറമ്പേക്കാട്ട് ഡാനിയേലിന്റെ ഭാര്യ സാറാക്കുട്ടിയാണ് ഇന്നലെ രാവിലെ സമരം ആരംഭിച്ചത്. ബാങ്കില്‍ തന്റെയും ഭര്‍ത്താവിന്റെയും പേരിലുള്ള വായ്പ കുടിശിക എഴുതിത്തള്ളി പണയവസ്തുവിന്റെ പ്രമാണങ്ങള്‍ തിരികെ നല്‍കുക, എടുക്കാത്ത വായ്പയുടെ പേരില്‍ അനുഭവിച്ച ശാരീരിക-മാനസിക പീഡനത്തിന് നഷ്ടപരിഹാരം അനുവദിക്കുക, വായ്പ വിതരണത്തിലെ ക്രമക്കേടുമൂലം കടക്കെണിയിലായ മുഴുവന്‍ കുടുംബങ്ങള്‍ക്കും നീതി ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഭര്‍ത്താവ് ഡാനിയയേല്‍, കടക്കെണിയില്‍പ്പെട്ട് 2023ല്‍ ജീവനൊടുക്കിയ ചെമ്പകമൂല കഴിക്കേ ഇളയിടത്ത് രാജേന്ദ്രന്‍ നായരുടെ കുടുംബം, വായ്പ ക്രമക്കേട് ഇര കേളക്കവല കരിന്തരക്കല്‍ സതി മോഹനന്‍, പൊതുപ്രവര്‍ത്തകന്‍ പി.ആര്‍. അജയകുമാര്‍ എന്നിവര്‍ സമരത്തിനു പിന്തുണയുമായി രംഗത്തുണ്ട്.
പണയവസ്തുവിന്റെ പ്രമാണങ്ങള്‍ ആവശ്യപ്പെട്ട് ഡാനിയേല്‍ ദമ്പതികളും രാജേന്ദ്രന്‍ നായരുടെ കുടുംബവും ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടുവരെ ബാങ്കിനു മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. പിന്നീട് സമരം ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ. ഏബ്രഹാമിന്റെ വീടിനു മുമ്പിലേക്ക് മാറ്റി. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയാത്ത സാഹചര്യത്തിലാണ് സാറാക്കുട്ടി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് അവര്‍ പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *